ഞങ്ങൾ പ്രതിലിപിയിൽ, രചയിതാക്കൾക്ക് വേണ്ടിയുള്ള മികച്ചതും നീതിയുകതവുമായ അവസരങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട്. പ്രീമിയം, പുസ്തകങ്ങൾ, ഓഡിയോ ബുക്ക്, കോമിക്സ്, വെബ് സീരീസ്, ചലച്ചിത്രം, അനിമേഷൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിലെ ഓഫറുകൾ ഒരുപാട് രചയിതാക്കൾക്ക് ലഭിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്.
പക്ഷെ, ഈയടുത്തായി നിരവധി വഞ്ചനാപരമായ കമ്പനികൾ/വ്യക്തികൾ പ്രതിലിപിയിലെ രചയിതാക്കളുമായി കരാറിൽ ഏർപ്പെടുന്നതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിക്കുന്നു. പല സാഹചര്യങ്ങളിലും ഇത്തരം കമ്പനികൾ/വ്യക്തികൾ കൃത്യമായ വിവരങ്ങൾ പങ്ക് വെക്കാതെ കൃതൃമമായ എഗ്രിമെന്റുകളിൽ രചയിതാക്കളുമായി ഏർപ്പെടുന്നു. അതിനാൽ, നിങ്ങളുടെ രചനകളുടെ 'അവകാശങ്ങൾ' ചോദിച്ച് വരുന്നവരുമായി എന്ത് തരം കരാറിലാണ് നിങ്ങൾ ഒപ്പ് വെക്കുന്നതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
പ്രതിലിപി രചയിതാക്കൾക്ക് ഇത്തരം സാഹചര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാനുള്ള എളുപ്പത്തിന് വേണ്ടി ഇനി പറയുന്ന വിവരങ്ങൾ ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നു. നിങ്ങളുടെ രചനകളുടെ അവകാശം കൈപ്പറ്റാൻ വരുന്ന കമ്പനികൾ/വ്യക്തികൾ എന്നിവരോട് ഈ വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം മാത്രം അവരുമായി കരാറിൽ ഏർപ്പെടുക.
അതിന് മുൻപായി, കോപ്പിറൈറ്റ് അഥവാ അവകാശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു രചയിതാവെന്ന നിലയിൽ, നിങ്ങൾ ഒരു കഥ അല്ലെങ്കിൽ ഏതൊരു സാഹിത്യ സൃഷ്ടി നിർമ്മിക്കുമ്പോഴും, അവയുടെ കോപ്പിറൈറ്റ് നിങ്ങളുടെ ഉടമസ്ഥതയിലാണ്. മറ്റാരെങ്കിലും നിങ്ങളുടെ സൃഷ്ടി ഉപയോഗിക്കാൻ താല്പര്യപ്പെടുന്നെങ്കിൽ, അവർ നിങ്ങളുടെ, അതായത് കോപ്പിറൈറ്റ് ഉടമസ്ഥന്റെ, അനുവാദം വാങ്ങിയിരിക്കണം. ഈ അനുവാദമാണ് അവകാശങ്ങളായി നിങ്ങൾ അവർക്ക് നൽകുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ രചന ഓഡിയോ ബുക്ക് ആയി നിർമ്മിക്കുവാനുള്ള അവകാശം ഒരു വ്യക്തി/കമ്പനിക്ക് നൽകുമ്പോൾ, ഓഡിയോ ബുക്ക് നിർമിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദമാണ് നിങ്ങൾ അവർക്ക് നൽകുന്നത്.
ശ്രദ്ധിക്കുക: പ്രതിലിപിയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ രചനകളുടെയും കോപ്പിറൈറ്റ്, അതാത് രചയിതാക്കളുടേത് മാത്രമാണ്. പ്രതിലിപിക്ക് നിങ്ങളുടെ രചനയുടെ കോപ്പിറൈറ്റ് ആവശ്യമെങ്കിൽ, ഞങ്ങളുടെ ടീം നിങ്ങളുമായി ബന്ധപ്പെടുകയും, കരാറിൽ ഏർപ്പെടുകയും, കരാറിലെ ഓരോ ഭാഗങ്ങളും നിങ്ങളുമായി വിവരിക്കുകയും ചെയ്യുന്നതാണ്. അത് ഒരു പരസ്പര വിശ്വാസത്തിന്റെ ഭാഗമാണ്.
നിങ്ങളുടെ രചനയുടെ അവകാശങ്ങൾക്കായി ആരെങ്കിലും ബന്ധപ്പെട്ടാൽ അവരോട് ചോദിക്കേണ്ട ചോദ്യങ്ങൾ:
അവകാശങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനി/വ്യക്തിയുമായി ബന്ധപ്പെട്ട ചോദ്യം
-
അവകാശങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യകതി അല്ലെങ്കിൽ കമ്പനി ഏതാണ്?
രചനയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
ഏത് രചനയുടെ അവകാശമാണ് ആവശ്യപ്പെടുന്നത്? ആ രചനയുടെ എന്തെല്ലാം അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്?
-
വാങ്ങുന്ന ആളിന് രചനയുടെ എല്ലാ തരത്തിലെ അവകാശങ്ങളും ആവശ്യമുണ്ടോ? (എല്ലാ വിധ അവകാശങ്ങളും നൽകിയാൽ, ആ രചന ഏത് വിധവും ഉപയോഗിക്കാൻ അവർക്ക് സാധിക്കുന്നു)
ഉദാഹരണത്തിന്: പ്രസിദ്ധീകരിക്കാനുള്ള അവകാശം, ഓഡിയോ, ഈബുക്ക്, വീഡിയോ, കോമിക്സ് എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് രചനയുടെ സമ്പൂർണ്ണ അവകാശം.
-
വാങ്ങുന്ന ആളിന് രചനയുടെ ഭാഗികമായ അവകാശമാണോ വേണ്ടത്? (നിങ്ങൾ അവകാശം നൽകുന്ന ചില പ്രത്യേക ഫോർമാറ്റുകളിൽ മാത്രമാണ് അവർക്ക് നിങ്ങളുടെ രചന ഉപയോഗിക്കാൻ സാധിക്കുക)
ഉദാഹരണതിന്, വാങ്ങുന്ന ആളിന് ആ രചനയുടെ ഓഡിയോ അവകാശങ്ങൾ മാത്രമാണോ വേണ്ടത്? അങ്ങനെയെങ്കിൽ, അവർക്ക് അതൊരു പുസ്തകമായി പ്രസിദ്ധീകരിക്കുവാൻ സാധ്യമല്ല. അത് പോലെ തന്നെ, ഏതൊക്കെ ഭാഗികമായ അവകാശങ്ങളാണ് അവർക്ക് നൽകുന്നതെന്ന് ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.
-
രചനയുടെ നിലവിലുള്ള സാഹിത്യരൂപത്തിൽ തന്നെ ഉപയോഗിക്കാനുള്ള അവകാശമാണോ വാങ്ങുന്ന ആളിന് ആവശ്യമുള്ളത്?
ഉദാഹരണത്തിന്, നിങ്ങൾ ഈബുക്ക് ആയി പ്രസിദ്ധീകരിച്ച ഒരു രചന, അതേ രൂപത്തിൽ തന്നെ ഉപയോഗിക്കാനും മറ്റ് മാധ്യമങ്ങളിൽ വിതരണം ചെയ്യാനും, വാങ്ങുന്ന ആളിന് അവകാശങ്ങൾ വാങ്ങേണ്ടതുണ്ട്.
-
ഇതൊരു പ്രത്യേകതരം വ്യവസ്ഥയാണോ? ഇതേ വ്യവസ്ഥകൾ മറ്റുള്ളവർക്കും ബാധകമാണോ?
പ്രത്യേകതരം വ്യവസ്ഥയെന്നാൽ, നിങ്ങൾ ഒരിക്കൽ നിങ്ങളുടെ അവകാശങ്ങൾ വാങ്ങുന്ന ആളിന് നൽകിയാൽ (സമ്പൂർണ്ണമായതോ ഭാഗികമായതോ), മറ്റൊരു വ്യക്തിക്കോ കമ്പനിക്കോ ആ അവകാശങ്ങൾ വിൽക്കുവാൻ നിങ്ങൾക്കാവില്ല.
ഉദാഹരണത്തിന്, പ്രത്യേകതരമായ വ്യവസ്ഥകളോടെ നിങ്ങളുടെ രചനയുടെ ഓഡിയോ അവകാശം ABC എന്ന കമ്പനിക്ക് നൽകിയാൽ, അതേ രചനയുടെ തന്നെ ഓഡിയോ അവകാശം XYZ എന്ന കമ്പനിക്ക് നല്കാൻ സാധ്യമല്ല.
-
ഒരു രചനയുടെ അവകാശങ്ങൾ നൽകുന്നതിനായി കരാറിലേർപ്പെട്ടാൽ, ആ രചനയുടെ കോപ്പിറൈറ്റ് ഉടമ ആരായിരിക്കും? കൂടാതെ, ഈ അവകാശങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സൃഷ്ടികളുടെ കോപ്പിറൈറ്റ് ഉടമ ആരാണ്?
ഉദാഹരണത്തിന്, നിങ്ങളുടെ തുടർക്കഥയുടെ അവകാശം സിനിമാ നിർമാണത്തിനായി നൽകിയിരിക്കുന്നു. അങ്ങനെയെങ്കിൽ മൂലകഥയുടെ കോപ്പിറൈറ്റ് നിങ്ങളുടേതായിരിക്കുമോ അതോ വാങ്ങിയവരാണോ? ആ സിനിമയുടെ അവകാശങ്ങൾ ആരുടേതാണ്?
-
വാങ്ങിയ അവകാശങ്ങളുടെ കാലാവധി എത്രയാണ്? ഈ അവകാശങ്ങൾ ഉപയോഗിച്ച് നിർമിച്ച സൃഷ്ടി എത്ര കാലം വരെയാണ് ഉപയോഗിക്കപ്പെടുന്നത്?
ഉദാഹരണത്തിന്, നിങ്ങളുടെ രചനയിൽ നിന്നും വീഡിയോ ഫോർമാറ്റിൽ ഒരു പരസ്യം നിർമ്മിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ രചന ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. അങ്ങനെയെങ്കിൽ എത്ര കാലം ആ പരസ്യം അവർക്ക് ഉപയോഗിക്കാനാവും അല്ലെങ്കിൽ പുസ്തകം പ്രസിദ്ധീകരിക്കാനാകും?
രചനയിൽ അധിഷ്ഠിതമായി ഭാവിയിൽ നിർമ്മിച്ചേക്കാവുന്ന സൃഷ്ടികൾ സംബന്ധിച്ച ചോദ്യങ്ങൾ.
-
കരാറിൽ ഏർപ്പെട്ടതിന് ശേഷം രചനയിൽ കൂട്ടിച്ചേർക്കലുകളോ എഡിറ്റിങ്ങോ നടത്തിയിട്ടുണ്ടെങ്കിൽ, അങ്ങനെ മാറ്റം വരുത്തിയ രചനയുടെ അവകാശങ്ങൾ എങ്ങനെയാവും?
ഉദാഹരണത്തിന്, നിങ്ങളുടെ രചന പതിനാലാം നൂറ്റാണ്ടിലെ രാജാക്കന്മാരെയും രാജ്ഞികളെയും കുറിച്ചുള്ളതാണെന് കരുതുക. ഈ രചനയുടെ അവകാശങ്ങൾ ലഭിച്ച ശേഷം വാങ്ങിയ ആൾ ഈ രചന വർത്തമാനകാലത്തെ കഥയായി പുനരാവിഷ്കരിക്കുന്നു. അങ്ങനെയെങ്കിൽ ഈ മാറ്റം വരുത്തിയ കഥയുടെ അവകാശം ആരാണ് അനുഭവിക്കുക?
-
നിങ്ങൾ അവകാശം നൽകിയ രചനയുടെ തുടർ ഭാഗങ്ങൾ സൃഷ്ടിക്കുകയോ, അതിലെ ഒരു കഥാപാത്രത്തെ മുൻനിർത്തി മറ്റൊരു രചന സൃഷ്ടിച്ചാലോ, ആ പുതിയ സൃഷ്ടികളുടെ അവകാശങ്ങൾക്ക് എന്താണ് സംഭവിക്കുക?
രചയിതാവിന്റെ മറ്റ് രചനകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ.
-
ഈ കരാറിലേർപ്പെട്ടാൽ എന്റെ മറ്റ് രചനകളുടെ ഉപയോഗത്തിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ?
സാമ്പത്തിക ആനുകൂല്യങ്ങൾ, ടൈറ്റിൽ ക്രെഡിറ്റ് സംബന്ധിച്ച ചോദ്യങ്ങൾ.
-
പ്രതിഫലത്തിന്റെ ഘടന എങ്ങനെയാണ്?
-
വരുമാനം എങ്ങനെയാണ് ഭാഗിക്കപ്പെടുന്നത്?
-
വരുമാനത്തിന്റെ ഷെയർ, അഡ്വാൻസ് തുക എന്നിവ എപ്പോൾ, എങ്ങനെ ലഭിക്കും?
-
വരുമാനത്തിന്റെ ഷെയറിൽ നിന്നും അഡ്വാൻസ് തുക ഈടാക്കുമോ?
-
രചനയുടെ അവകാശങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച സൃഷ്ടികളിൽ രചയിതാവിന് എങ്ങനെയാണ് ടൈറ്റിൽ ക്രെഡിറ്റ് നൽകുന്നത്?
കരാർ ഉടമ്പടിയുമായി ബന്ധപ്പെട്ട ചോദ്യം
-
അനുവദിക്കപ്പെടാത്ത തരത്തിൽ രചന ഉപയോഗിക്കപ്പെട്ടാൽ, അല്ലെങ്കിൽ പ്രതിഫലം കൃത്യസമയത്ത് ലഭിക്കാതെ വന്നാൽ, രചയിതാവിന് എന്ത് പ്രതിവിധിയാണ് ലഭിക്കുക?
ഈ ചോദ്യങ്ങൾ പങ്കുവെക്കുന്നത് വഴി, ഓരോ രചയിതാവിനെയും അവരുടെ അവകാശങ്ങളെ പറ്റി ബോധവാനാക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുള്ളത്. തുടർന്നുള്ള ഓരോ കരാറുകളിലും ഉടമ്പടികളിലും ഏർപ്പെടും നേരം ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഏത് തരം കരാറിലും ഏർപ്പെടുന്നതിന് മുൻപായി ഈ ചോദ്യങ്ങൾ എല്ലാം ചോദിച്ച് അവയുടെ ഉത്തരങ്ങൾ കണ്ടെത്തുക. അത് വഴി നിങ്ങളുടെ രചനക്ക് വേണ്ടി നിങ്ങൾ ചെലവഴിച്ച ഭാവനയും കഷ്ടപ്പാടും നിങ്ങൾക്ക് സംരക്ഷിക്കാം.
ഇനിയും നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ [email protected] എന്ന ഐഡിയിലേക്ക് ഞങ്ങൾക്ക് മെയിൽ അയക്കൂ. കൂടുതൽ വിവരങ്ങൾക്കായി പ്രതിലിപി മലയാളം ഒഫീഷ്യൽ പ്രൊഫൈൽ പ്രതിലിപിയിൽ ഫോളോ ചെയ്യൂ.