Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

A LETTER FROM PRATILIPI'S CEO

13 സെപ്റ്റംബര്‍ 2024

 

ഞങ്ങളുടെ പ്രിയ രചയിതാക്കൾക്കും, വായനക്കാർക്കും,

 

10 വർഷങ്ങൾക്ക് മുൻപ്, 2014 സെപ്റ്റംബർ 14-നാണ് പ്രതിലിപി വെബ്‌സൈറ്റിൻ്റെ ആദ്യ പതിപ്പ് ഞങ്ങൾ അവതരിപ്പിച്ചത്.

 

ആ സമയത്ത്, ഞങ്ങൾക്ക് ചുറ്റുമുണ്ടായിരുന്നത് ഒരുപാട് ചോദ്യങ്ങളും ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകുമെന്നുള്ള ആത്മവിശ്വാസവും മാത്രമാണ്. സ്വപ്നങ്ങൾക്കും, ആഗ്രഹങ്ങൾക്കും അതിരുകളില്ല എന്നാണല്ലോ! ഞങ്ങളുടെ രചയിതാക്കൾക്ക് അവരുടെ കഥകൾ ലോകത്തിലെ എല്ലാ കോണുകളിലുമുള്ള വായനക്കാരിലേക്ക് തടസ്സങ്ങളില്ലാതെ പങ്കിടാൻ പ്രതിലിപിയിലൂടെ സാധിക്കുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിച്ചു.

 

ആ യാത്ര എളുപ്പമായിരിക്കില്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു, എങ്കിലും ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഒരു പടിയെങ്കിലും അടുത്തെത്തുന്നതുപോലും ഞങ്ങളെ സംബന്ധിച്ചിടത്തോളം വിജയം തന്നെയായിരുന്നു. ഈ യാത്ര ഒരേ സമയം ബുദ്ധിമുട്ടുള്ളതും എന്നാൽ പ്രതിഫലദായകവുമാകുമെന്ന് ഞങ്ങൾ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല!!!

 

ഞങ്ങളുടെ ഈ യാത്രയിൽ നിങ്ങളോരോരുത്തരും മികച്ച കഥകളും, വായനയോടുള്ള ആവേശവുമായി ഞങ്ങളോടൊപ്പം ചേർന്നത് ഞങ്ങളുടെ പ്രതീക്ഷകളും, ആത്മവിശ്വാസവും വളർത്തി. ഇന്ന് ഒരു ദശലക്ഷത്തിലധികം രചയിതാക്കളുടെ കുടുംബമായി പ്രതിലിപി മാറിയിട്ടുണ്ടെങ്കിൽ അത് നിങ്ങളോരോരുത്തരുടേയും സ്നേഹവും, പിന്തുണയും ഞങ്ങളോടൊപ്പം ഉള്ളതുകൊണ്ട് മാത്രമാണ്. പ്രതിലിപിയിലെ ഓരോ കഥകളും ഓരോ ദിവസവും ദശലക്ഷക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു!

 

പ്രതിലിപിയിലെ രചയിതാക്കളുടെ എഴുത്തിനോടുള്ള അഭിനിവേശവും, കഥകൾ വായിക്കാനുള്ള വായനക്കാരുടെ ആകാംഷയും, അവർ നൽകുന്ന പിന്തുണയും എന്നും ഞങ്ങളുടെ മുതൽക്കൂട്ടാണ്. 3 വർഷം മുൻപാണ് പ്രതിലിപിയിലൂടെ ധനസമ്പാദനം എന്ന ആശയം ഞങ്ങൾ ആരംഭിച്ചിച്ചത്. കഴിഞ്ഞ മാസത്തിൽ വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് റോയൽറ്റി ഇനത്തിൽ 1.5 കോടിയിൽ അധികം രൂപ രചയിതാക്കളുമായി പങ്കിടാൻ ഞങ്ങളെ പ്രാപ്‌തമാക്കിയത്. ഇന്ന് പ്രതിലിപിയിലെ 18 രചയിതാക്കൾ ഒരു ലക്ഷത്തിലധികം രൂപ വരുമാനമായും, 500-ലധികം രചയിതാക്കൾ റോയൽറ്റി ഇനത്തിൽ മാത്രമായി 5000-ത്തിലധികം രൂപയും പ്രതിമാസം സമ്പാദിക്കുന്നു. ഞങ്ങളുടെ രചയിതാക്കളോടൊപ്പം തന്നെ പ്രിയപ്പെട്ട വായനക്കാരോടും ഈ അവസരത്തിൽ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. പ്രതിലിപിക്ക് പുറത്ത് ഞങ്ങളുടെ രചയിതാക്കളോ, പ്രതിലിപിയിലെ കഥകളോ ശ്രദ്ധിക്കപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ഞങ്ങൾക്ക് പ്രതിലിപിയിലെ കഥകളിൽ നിന്നും അഞ്ച് ടിവി ഷോകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു, കൂടാതെ പ്രതിലിപിയിലെ കഥകളിൽ നിന്ന് നിർമ്മിച്ച ഒരു വെബ് സീരീസ് ഇപ്പോൾ അണിയറയിൽ റിലീസിന് ഒരുങ്ങുകയാണ്!

 

വളരെ അധികം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു ഞങ്ങളുടെ ഈ യാത്ര. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ഞങ്ങൾ തളർന്നുപോയ ഒരുപാട് നിമിഷങ്ങൾ ഈ കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഓരോ പ്രതിസന്ധികളേയും അതിജീവിക്കാൻ ഞങ്ങളുടെ ടീമിന് കരുത്ത് പകർന്നതും, മുന്നോട്ട് പോകാൻ ഞങ്ങളെ പ്രേരിപ്പിച്ചതും നിങ്ങളുടെ സ്നേഹവും, പിന്തുണയുമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഈ വിശ്വാസവും സ്നേഹവുമാണ് ഞങ്ങളുടെ കരുത്തും, തളരാതെ മുന്നോട്ട് പോകാനുള്ള ഞങ്ങളുടെ ശക്തിയും.

 

പ്രതിലിപിക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ഓരോ രചയിതാക്കൾക്കും പ്രതിലിപിയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ അവരുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നടപ്പാക്കാനും, ഒരു പ്രൊഫഷൻ ആയിത്തന്നെ പ്രതിലിപിയിലെ എഴുത്തിനെ സമീപിക്കാനും കഴിയുന്ന ഒരു ഭാവിക്കായി ഞങ്ങൾ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. 

 

പ്രതിലിപിയിലെ കഥകൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുള്ള വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. ജെ കെ റൗളിംഗ്‌സ്, ജോർജ്ജ് ആർ ആർ മാർട്ടിൻ തുടങ്ങിയ ലോകസാഹിത്യത്തിലെ പ്രശസ്‌ത രചയിതാക്കളെപോലെ പ്രതിലിപിയിലെ മുൻനിര രചയിതാക്കളും ആഗോളതലത്തിൽ ആഘോഷിക്കപ്പെടുകയും, വിജയിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു!

 

ഇനി മുന്നോട്ടുള്ള യാത്രയും ലളിതമായിരിക്കില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ നിങ്ങളുടെ സ്നേഹവും, പിന്തുണയും ഞങ്ങളോടൊപ്പം ഉള്ളപ്പോൾ മുന്നേറാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. മുന്നിലുള്ള പ്രതിസന്ധികൾ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും കൂടെയുള്ളിടത്തോളം ഞങ്ങൾ അവയെല്ലാം തരണം ചെയ്യുകതന്നെ ചെയ്യും.

കോശിഷ് ജാരി രഹേഗി (പരിശ്രമം തുടരും).