
പ്രതിലിപി
പ്രിയ രചയിതാക്കളെ,
ഞാൻ രഞ്ജീത്ത്
എൻറെ സ്വപ്നങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിന് എന്നോടൊപ്പം നിന്ന നിങ്ങൾക്ക് എൻറെ ഹൃദയത്തിൽ നിന്നും ചില വാക്കുകൾ കുറിയ്ക്കണമെന്ന് കുറച്ച് നാളുകളായി കരുതുന്നു. പ്രതിലിപിയുടെ സി ഇ ഒ അല്ലെങ്കിൽ സ്ഥാപകൻ എന്നതിലുപരി എൻറെ സ്വപ്നങ്ങൾക്ക് ചിറക് നൽകി പറക്കാൻ അവസരം ഒരുക്കിയതിന് നിങ്ങളോട് വളരെയധികം കടപ്പെട്ടിരിക്കുന്ന ഒരു സാധാരണ മനുഷ്യനായാണ് ഈ വരികൾ നിങ്ങൾക്കായി ഇന്ന് ഞാൻ കുറിക്കുന്നത്.
ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു.ജീവിത സാഹചര്യങ്ങളോ, ഭാഷയോ തുടങ്ങി ഒരു പ്രതിബന്ധങ്ങളും, തൻറെ രചനകൾ പ്രസിദ്ധീകരിക്കുന്നതിൽ ഒരു രചയിതാവിനും തടസ്സമാകാത്ത ഒരു ലോകം. ആ സ്വപ്നത്തിൽ നിന്നാണ് പ്രതിലിപി ഉയർന്ന് വന്നത്.
ആ സ്വപ്നത്തിന്റെ ആദ്യ ദിനങ്ങൾ ഇന്നുമെന്റെ ഓർമകളിൽ മായാതെ നിൽപ്പുണ്ട്. ബാംഗ്ലൂർ മഹാനഗരത്തിലെ ഒരു ചെറിയ ഫ്ലാറ്റിൽ വളരെയധികം പരിമിതികളോട് കൂടിയാണ് ഞങ്ങൾ ഈ സ്വപ്നത്തിന് ജീവൻ നൽകിയത്. അന്ന് സമൂഹത്തിൻറെ മുഖ്യധാരയിൽ ഉൾപ്പെടാത്ത കുറച്ച് വ്യക്തികൾ മാത്രമായിരുന്നു ഞങ്ങൾ. എന്നാൽ ആ സ്വപ്നത്തിന് ഓജസും, തേജസും നൽകി കൊണ്ടാണ് നിങ്ങൾ ഞങ്ങളിലേക്ക് എത്തിയത്.
ഈ മേഖലയിൽ ആദ്യ ചുവട് വെച്ച് തുടങ്ങിയ ഞങ്ങൾക്ക് കരുത്തേകിയതും നിങ്ങൾ തന്നെയായിരുന്നു. ആരെയും ആകാംക്ഷയുടെ കൊടുമുടിയിലെത്തിക്കുന്ന നിരവധി കഥാപാത്രങ്ങളെ നിങ്ങൾ, ഞങ്ങൾക്ക് സമ്മാനിച്ചു.
കഴിഞ്ഞ 11 വർഷക്കാലത്തെ യാത്ര ഒരിക്കലും ഞങ്ങൾക്ക് സുഖകരമായ ഒന്നായിരുന്നില്ല. ഇനി മുന്നോട്ട് പോകാൻ കഴിയില്ല എന്ന് പോലും തോന്നിക്കുന്ന നിരവധി വെല്ലുവിളികൾ ഞങ്ങൾ നേരിട്ടിട്ടുണ്ട്. അപ്പോഴും ഞങ്ങൾക്ക് കരുത്തായതും, പ്രതീക്ഷയുടെ വെളിച്ചവും, ആത്മവിശ്വാസവും നൽകിയതും, ഇനിയും മുന്നോട്ടേക്ക് തന്നെ പോകണമെന്ന് തോന്നിപ്പിച്ചതും നിങ്ങളുടെ രചനകളാണ്. വെറും ഒരു ആശയമായി നിലകൊള്ളേണ്ടിയിരുന്ന ഒന്ന് ഒരു കുടുംബായി ഉയർന്ന് വന്നതിന് കാരണം തന്നെ നിങ്ങളാണ്.
ഈ പ്രതിലിപി കുടുംബത്തെ ഉയർത്തി കൊണ്ട് വരുന്നതിനും, നിലനിർത്തുന്നതിനും പിന്നിൽ എഞ്ചിനീയർമാർ, പ്രോഡക്റ്റ് മാനേജർമാർ, ഓതർ റിലേഷൻഷിപ്പ് മാനേജർമാർ, അഭിഭാഷകർ എന്നിങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ട്. എന്നാൽ ഈ കുടുംബത്തിന്റെ അടിത്തറ, അത് നിങ്ങൾ രചയിതാക്കൾ തന്നെയാണ്.
നമ്മൾ ഒരു പുതുവത്സരത്തെ കൂടി വരവേൽക്കുകയാണ്. ഈ അവസരത്തിൽ എനിക്ക് നിങ്ങളോടുള്ള അകമഴിഞ്ഞ നന്ദിയും, ബഹുമാനവും, സ്നേഹവും നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം പ്രതിലിപിയെ ഇന്നീ കാണുന്ന നിലയിലേക്ക് എത്തിച്ചത് നിങ്ങളാണ്. ഇനിയും ഒരുപാട് ദൂരങ്ങൾ നമുക്ക് ഒരുമിച്ച് യാത്ര ചെയ്യേണ്ടതുണ്ട്. അവിടെയും ഞങ്ങളുടെ ധൈര്യം എപ്പോഴും നിങ്ങൾ കൂടെയുണ്ട് എന്നത് തന്നെയാണ്.
നിങ്ങൾക്ക് ഓരോത്തർക്കും സരസ്വതി കടാക്ഷം ഉണ്ടാകട്ടെയെന്ന് ഞാൻ മനസ്സറിഞ്ഞ് പ്രാർഥിക്കുന്നു. 2026-ലും ഇനി വരും വർഷങ്ങളിലും ഭാവനയുടെ പുതിയ ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടി കൊണ്ട് പോകാനായി നിങ്ങൾക്ക് ഓരോത്തർക്കും കഴിയട്ടെയെന്ന് ഞാൻ ഹൃദയപ്പൂർവ്വം ആശംസിക്കുന്നു.
ഇത് വെറുമൊരു തുടക്കം മാത്രമാണ്! ഓരോ തലമുറയിലും നിലനിൽക്കുന്ന ഒരു കമ്പനി ഉരുവാക്കാനാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സർഗാത്മകതയുള്ള ഓരോ രചയിതാവിനും, മറ്റൊരു ജോലി ചെയ്യാതെ തന്നെ തങ്ങളുടെ ജീവിത വരുമാനം പൂർണ്ണമായും പ്രതിലിപിയിൽ നിന്ന് തന്നെ ലഭിക്കുന്നതാണ് ഇന്ന് ഞാൻ കാണുന്ന നാളെയെന്ന സ്വപ്‌നം. അതിനുവേണ്ടിയാണ് ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ സർഗ്ഗാത്മകതയിൽ നിന്നും, എഴുതാനുള്ള കഴിവിൽ നിന്നും തന്നെ നിങ്ങൾക്ക് ആവശ്യമായ വരുമാനം നേടിയെടുക്കാൻ കഴിയുന്ന ഒരിടം ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിലൂടെ, ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും, പൂർണ്ണമായ സാമ്പത്തിക-സർഗ്ഗാത്മക സ്വാതന്ത്ര്യം അനുഭവിക്കാനും നിങ്ങൾക്ക് സാധിക്കണമെന്നത് എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്.
ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഇനിയും ഒരുപാട് പോരായ്മകൾ ഉണ്ടെന്ന് തിരിച്ചറിയുന്നു. എന്നാൽ ഒരിക്കൽ പോലും നിങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾ കേൾക്കാതെ പോകുകയില്ല എന്ന് ഞാൻ ഉറപ്പ് നൽകുകയാണ്. നിങ്ങൾ പങ്കു വയ്ക്കുന്ന പോരായ്മകൾ മറികടക്കുന്നതിനും, സ്വയം മെച്ചപ്പെടുത്തുന്നതിനും ഞങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രധാനപ്പെട്ടതാണ്. പ്രതിലിപിയെ കൂടുതൽ സുരക്ഷിതവും, സുതാര്യവും, വിശ്വാസ്യത ഉള്ളതുമാക്കി മാറ്റുന്നതിനാണ് ഞങ്ങൾ ഇന്ന് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളാണ് പ്രതിലിപിയുടെ നിലനിൽപ്പെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വിശ്വാസം ഞങ്ങൾ അർപ്പിച്ചിരിക്കുന്നത് നിങ്ങളിലാണ്.
പ്രതിലിപി എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്ന് തുടങ്ങി നിങ്ങൾക്ക് പ്രതിലിപിയുമായി ബന്ധപ്പെട്ട എന്തും ഞങ്ങളുമായി പങ്കുവെക്കാം. ഇത് ഞങ്ങൾ വളരെയധികം ശ്രദ്ധയോട് കൂടി പരിഗണിക്കുകയും, ഉൾക്കൊള്ളുകയും, മാറ്റങ്ങൾ കൊണ്ടുവരാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നതാണ്. [email protected] എന്ന മെയിൽ ഐഡിയിലൂടെ നിങ്ങൾക്ക് എന്നോട് നേരിട്ട് അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കുവെക്കാവുന്നതാണ്. നിങ്ങളുടെ ചോദ്യങ്ങൾക്കും, നിർദ്ദേശങ്ങൾക്കും ഏറ്റവും അനുയോജ്യമായ മറുപടി നൽകാൻ എനിക്ക് കഴിയില്ലെന്ന പക്ഷം, ഞങ്ങളുടെ ടീമിലെ ഏറ്റവും അനുയോജ്യനായ വ്യക്തിയിലേക്ക് നിങ്ങളുടെ സന്ദേശങ്ങൾ എത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.
നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിനും എൻറെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.
പ്രതിലിപിയുടെ യാത്രയിൽ ഞങ്ങളോടൊപ്പം നിന്നതിനുള്ള നന്ദിയും ഇതിനോടൊപ്പം അറിയിക്കുന്നു.
ഹൃദയപൂർവ്വം
രഞ്ജീത്ത് പ്രതാപ് സിങ്
ഫൗണ്ടർ, പ്രതിലിപി