Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles മികച്ച കഥകൾ എഴുതാം

ക്ലിഫ്ഹാംഗറുകളും ഹുക്കുകളും: വായനക്കാരിൽ കൗതുകം എങ്ങനെ നിലനിർത്താം?

പ്രിയ രചയിതാവേ,

വായനക്കാരിൽ ആകാംക്ഷയും ജിജ്ഞാസയും ഉണർത്താൻ സഹായിക്കുന്ന ലളിതമായ രണ്ട് എഴുത്തുരീതികളാണ് ക്ലിഫ്ഹാംഗറുകളും ഹുക്കുകളും. അടുത്ത ഭാഗത്ത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാനുള്ള താല്പര്യം ജനിപ്പിച്ചുകൊണ്ട് കഥയുടെ അടുത്ത അധ്യായം കൂടി ഓപ്പൺ ചെയ്ത് വായിക്കാൻ ഇവ വായനക്കാരെ പ്രേരിപ്പിക്കുന്നു.

വലിയ സീരീസുകൾ എഴുതുമ്പോൾ, ഓരോ അധ്യായത്തിലും വായനക്കാരുടെ താല്പര്യം ഒട്ടും കുറയാതെ നിലനിർത്താൻ ഈ രീതികൾ വളരെ ഉപകാരപ്പെടും.

  1. 1

    എന്താണ് ഹുക്ക്?

    വായനക്കാരെ ഒരു അധ്യായത്തിലേക്ക് പെട്ടെന്ന് വലിച്ചടുപ്പിക്കുന്ന കൗതുകമുണർത്തുന്ന ഒരു തുടക്കത്തെയാണ് 'ഹുക്ക്' എന്ന് പറയുന്നത്. അതൊരു ചോദ്യമാകാം, പെട്ടെന്നുണ്ടാകുന്ന ഒരു പ്രശ്നമാകാം, ശക്തമായ ഒരു സംഭാഷണമാകാം, ഒരു രഹസ്യമാകാം, അല്ലെങ്കിൽ വൈകാരികമായ ഒരു നിമിഷമാകാം. മികച്ചൊരു ഹുക്ക് അധ്യായത്തിന്റെ തുടക്കം മുതൽ തന്നെ വായനക്കാരിൽ കഥയോട് താല്പര്യമുണ്ടാക്കും.

  2. 2

    എന്താണ് ക്ലിഫ്ഹാംഗർ?

    ഒരു അധ്യായത്തിന്റെ അവസാനത്തിൽ ഉത്തരം നൽകാതെ പകുതിക്ക് നിർത്തുന്ന ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളെയാണ് 'ക്ലിഫ്ഹാംഗർ' എന്ന് പറയുന്നത്. ഇത് വായനക്കാരിൽ ഉദ്വേഗം, സംശയം, ഭയം, ഞെട്ടൽ അല്ലെങ്കിൽ ജിജ്ഞാസ എന്നിവ ബാക്കി വെക്കുന്നു. ചോദിച്ച ചോദ്യങ്ങൾക്ക് ഉടനെ ഉത്തരം കിട്ടാതെ വരുമ്പോൾ വായനക്കാർ അടുത്ത അധ്യായം കൂടി ഓപ്പൺ ചെയ്യാൻ പ്രേരിതരാകും.

  3. 3

    അധ്യായങ്ങൾ ജിജ്ഞാസയോടെ തുടങ്ങുക

    വായനക്കാരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്ന എന്തെങ്കിലും കാര്യത്തോടെ വേണം എപ്പോഴും അധ്യായങ്ങൾ ആരംഭിക്കാൻ. സാവധാനം കഥ പറഞ്ഞു തുടങ്ങുന്നതിന് പകരം ആക്ഷൻ, സംഭാഷണം, ഒരു പ്രശ്നം, മിസ്റ്ററി അല്ലെങ്കിൽ ഒരു വൈകാരിക രംഗം എന്നിവയോടെ തുടക്കമിടുക. ഇത് വായനക്കാരെ കഥയുടെ ലോകത്തേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിക്കും.

  4. 4

    അധ്യായങ്ങൾ സസ്‌പെൻസോടെ അവസാനിപ്പിക്കുക

    അടുത്തത് എന്ത് സംഭവിക്കും എന്ന ചിന്ത വായനക്കാരന്റെ മനസ്സിൽ ബാക്കിവെച്ചുകൊണ്ടായിരിക്കണം ഓരോ അധ്യായവും അവസാനിക്കേണ്ടത്. ഉത്തരമില്ലാത്ത ഒരു ചോദ്യം, പെട്ടെന്നുണ്ടാകുന്ന അപകടം, അപ്രതീക്ഷിതമായ ഒരു സത്യം, വൈകാരികമായ ഞെട്ടൽ അല്ലെങ്കിൽ ഒരു പ്രധാന തീരുമാനം എന്നിവ നൽകി നിങ്ങൾക്ക് അധ്യായം അവസാനിപ്പിക്കാം.

  5. 5

    എല്ലാ രഹസ്യങ്ങളും തുടക്കത്തിൽ തന്നെ വെളിപ്പെടുത്തരുത്

    കഥയിലെ എല്ലാ രഹസ്യങ്ങളും നിങ്ങൾ തുടക്കത്തിൽ തന്നെ പറഞ്ഞുതീർത്താൽ വായനക്കാർക്ക് കഥയിലുള്ള താല്പര്യം നഷ്ടപ്പെട്ടേക്കാം. പ്രധാനപ്പെട്ട വിവരങ്ങളും ട്വിസ്റ്റുകളും പതുക്കെ, കൃത്യമായ സമയത്ത് മാത്രം വായനക്കാരിലേക്ക് എത്തിക്കുക. കഥയിൽ ദീർഘകാലം വായനക്കാരെ നിലനിർത്താൻ ഇത് സഹായിക്കും.

  6. 6

    ക്ലിഫ്ഹാംഗറുകൾ സ്വാഭാവികമായിരിക്കണം

    ഒരു ക്ലിഫ്ഹാംഗർ എപ്പോഴും കഥയുടെ ഒഴുക്കിനൊപ്പം സ്വാഭാവികമായി വരുന്നതായിരിക്കണം, അല്ലാതെ വെറുതെ അടിച്ചേൽപ്പിച്ചതായി തോന്നരുത്. അത് കഥാപാത്രങ്ങളുമായോ, കഥയിലെ പ്രധാന പ്രശ്നവുമായോ അല്ലെങ്കിൽ പ്ലോട്ടുമായോ ബന്ധപ്പെട്ടിരിക്കണം. അത് സ്വാഭാവികമാകുമ്പോൾ വായനക്കാർ ആ സസ്‌പെൻസ് കൂടുതൽ ആസ്വദിക്കും.

  7. 7

    നാടകീയത ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

    ലളിതമായ ഒരു സാഹചര്യം പോലും ആവശ്യത്തിന് വികാരങ്ങളും ടെൻഷനും നൽകി എഴുതിയാൽ വളരെ മനോഹരമാക്കാൻ സാധിക്കും. എന്നാൽ എല്ലാ അധ്യായങ്ങളിലും ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കുത്തിനിറയ്ക്കാൻ ശ്രമിക്കരുത്. അമിതമായ നാടകീയത കഥയുടെ സ്വാഭാവികത നഷ്ടപ്പെടുത്തിയേക്കാം.

  8. 8

    പ്രധാന ഭാഗങ്ങളിൽ ശക്തമായ ക്ലിഫ്ഹാംഗറുകൾ ഉപയോഗിക്കുക

    കഥയിലെ ഏറ്റവും നിർണായകമായ അധ്യായങ്ങളിൽ, പ്രത്യേകിച്ച് വായനക്കാർ കഥ തുടർന്ന് വായിക്കണമോ എന്ന് തീരുമാനിക്കുന്ന ഭാഗങ്ങളിൽ (ഉദാഹരണത്തിന് പേവാളുകൾക്ക് മുൻപ്), കൂടുതൽ ശക്തമായ ക്ലിഫ്ഹാംഗറുകൾ ഉപയോഗിക്കുക. അവിടെ നൽകുന്ന മികച്ചൊരു സസ്‌പെൻസ് വായനക്കാരെ അടുത്ത അധ്യായത്തിലേക്ക് നയിക്കും.

  9. 9

    വൈകാരികമായ ബന്ധം ഉണ്ടാക്കിയെടുക്കുക

    ഹുക്കുകളും ക്ലിഫ്ഹാംഗറുകളും വെറും മിസ്റ്ററിയിലോ അപകടങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. വികാരങ്ങൾ, പ്രണയം, കുടുംബബന്ധങ്ങൾ, തെറ്റിദ്ധാരണകൾ, വലിയ രഹസ്യങ്ങൾ അല്ലെങ്കിൽ പ്രയാസമേറിയ തിരഞ്ഞെടുപ്പുകൾ എന്നിവയിൽ നിന്നും ഇവ സൃഷ്ടിക്കാം. വായനക്കാർക്ക് കഥാപാത്രങ്ങളോട് ഒരു അടുപ്പം തോന്നിത്തുടങ്ങിയാൽ, അടുത്തത് അവർക്ക് എന്ത് സംഭവിക്കും എന്നറിയാൻ വായനക്കാർക്ക് വലിയ ആകാംക്ഷയായിരിക്കും.

  10. 10

    കഥ എപ്പോഴും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കണം

    നിങ്ങൾ ഉപയോഗിക്കുന്ന ഓരോ ഹുക്കും ക്ലിഫ്ഹാംഗറും കഥയെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നതായിരിക്കണം. സസ്‌പെൻസിന് വേണ്ടി മാത്രം വെറുതെ സസ്‌പെൻസ് ഉണ്ടാക്കരുത്. അത് കഥയുടെ പ്ലോട്ട് കൂടുതൽ ശക്തമാക്കുന്നതും അടുത്ത ഭാഗം വായിക്കാനുള്ള ആവേശം കൂട്ടുന്നതുമായിരിക്കണം.

  11. 11

    അവസാനമായി…

    ഒരു നല്ല ഹുക്ക് വായനക്കാരെ അധ്യായത്തിലേക്ക് കൊണ്ടുവരുമ്പോൾ, ഒരു നല്ല ക്ലിഫ്ഹാംഗർ അവരെക്കൊണ്ട് അടുത്ത അധ്യായം ഓപ്പൺ ചെയ്യിക്കുന്നു. ഈ രണ്ട് രീതികളും ബുദ്ധിപൂർവ്വം ഉപയോഗിക്കുക, സസ്‌പെൻസ് സ്വാഭാവികമായി നിലനിർത്തുക, വായനക്കാരെക്കൊണ്ട് "ഒരു ചാപ്റ്റർ കൂടി വായിച്ചിട്ട് നിർത്താം" എന്ന് പറയിപ്പിക്കാൻ തക്കവണ്ണമുള്ള കാരണങ്ങൾ നിങ്ങളുടെ എഴുത്തിൽ നൽകുക.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? മികച്ച കഥകൾ എഴുതാം-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ