Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles മികച്ച കഥകൾ എഴുതാം

കഥാപാത്രങ്ങളെ എങ്ങനെ വികസിപ്പിച്ചെടുക്കാം?

പ്രിയ രചയിതാവേ,

വിജയകരമായ ഓരോ കഥയുടെയും ജീവൻ അതിലെ ശക്തമായ കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങൾക്ക് ജീവസ്സുറ്റതും വൈകാരികവുമായ തലങ്ങളുണ്ടാകുമ്പോഴാണ് വായനക്കാർക്ക് അവരെ മറക്കാൻ കഴിയാത്തതും അവരുമായി എളുപ്പത്തിൽ കണക്ട് ആകാൻ സാധിക്കുന്നതും.

ഒരു നല്ല കഥാപാത്രം ഒരിക്കലും ഒരു ലളിതമായ വരച്ച വര പോലെ ആകരുത്. അവർക്ക് കൃത്യമായ വ്യക്തിത്വം, സ്വപ്നങ്ങൾ, ഭയങ്ങൾ, ശീലങ്ങൾ, ബന്ധങ്ങൾ, പ്ലസ്സുകളും മൈനസ്സുകളും ഒക്കെയുണ്ടായിരിക്കണം. കഥാപാത്രങ്ങളെ വായനക്കാർ എത്രത്തോളം ആഴത്തിൽ മനസ്സിലാക്കുന്നുവോ, അത്രത്തോളം അവരുടെ ജീവിതത്തിൽ ഇനി എന്ത് സംഭവിക്കും എന്നറിയാൻ വായനക്കാർക്ക് ആകാംഷയുണ്ടാകും.

കഥാപാത്രങ്ങളെ മനോഹരമായി രൂപപ്പെടുത്താൻ സഹായിക്കുന്ന 10 വഴികൾ:

  1. 1

    പ്രധാന കഥാപാത്രങ്ങൾക്ക് വ്യക്തമായ ഒരു വ്യക്തിത്വം നൽകാം

    എഴുതാൻ തുടങ്ങുന്നതിന് മുൻപ് തന്നെ നിങ്ങളുടെ കഥാപാത്രം ഏതുതരം വ്യക്തിയാണെന്ന് തീരുമാനിക്കുക. അവർ നാണക്കാരാണോ, ധൈര്യശാലിയാണോ, നിഷ്കളങ്കനാണോ, അമിതമായി വികാരാധീനനാകുന്ന ആളാണോ, പരുക്കനാണോ, സ്നേഹമുള്ളവനാണോ, അധികം സംസാരിക്കാത്ത ആളാണോ, തമാശക്കാരനാണോ അതോ എപ്പോഴും ആശയക്കുഴപ്പമുള്ള ആളാണോ എന്ന് മുൻകൂട്ടി നിശ്ചയിക്കാം.

  2. 2

    അവർക്ക് നന്മകളും പോരായ്മകളും നൽകാം

    എല്ലാ കാര്യത്തിലും തികഞ്ഞ ഒരു കഥാപാത്രം വായനക്കാർക്ക് ചിലപ്പോൾ അവിശ്വസനീയമായി തോന്നാം. അതുകൊണ്ട് കഥാപാത്രങ്ങൾക്ക് നല്ല ഗുണങ്ങൾ നൽകുന്നതോടൊപ്പം തന്നെ ചില പോരായ്മകളും നൽകുക. എങ്കിൽ മാത്രമേ വായനക്കാർക്ക് അവരിലേക്ക് കൂടുതൽ അടുക്കാൻ സാധിക്കൂ.

  3. 3

    അവർക്കൊരു ലക്ഷ്യം നൽകാം

    കഥയിലെ പ്രധാനപ്പെട്ട ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. അത് പ്രണയം, പ്രതികാരം, വിജയം, സ്വാതന്ത്ര്യം, കുടുംബത്തിന്റെ അംഗീകാരം, നീതി അല്ലെങ്കിൽ സമാധാനം എന്നിങ്ങനെ എന്തും ആകാം.

  4. 4

    ലക്ഷ്യത്തിന് പിന്നിലെ കാരണം മനസ്സിലാക്കാം

    നിങ്ങളുടെ കഥാപാത്രം എന്താണ് ആഗ്രഹിക്കുന്നത് എന്ന് മാത്രം തീരുമാനിച്ചാൽ പോരാ, എന്തുകൊണ്ടാണ് അവർ അത് ആഗ്രഹിക്കുന്നത് എന്നും നിശ്ചയിക്കണം. കാരണം, ആ ശക്തമായ കാരണമായിരിക്കും കഥയിലുടനീളം അവരുടെ പ്രവൃത്തികളെയും തീരുമാനങ്ങളെയും മുന്നോട്ട് നയിക്കുന്നത്.

  5. 5

    ഒരു ഭൂതകാലം സൃഷ്ടിക്കാം

    കഥാപാത്രത്തിന്റെ മുൻകാല ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കുക. അവരുടെ കുട്ടിക്കാലം, കുടുംബ പശ്ചാത്തലം, പ്രണയഭംഗം, അവർക്ക് പറ്റിയ തെറ്റുകൾ അല്ലെങ്കിൽ അനുഭവിച്ച പ്രതിസന്ധികൾ എന്നിവയൊക്കെയായിരിക്കാം നിലവിലെ അവരുടെ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നത്.

  6. 6

    ചില ശീലങ്ങളും ചെറിയ വിശേഷങ്ങളും നൽകാം

    ചെറിയ ചെറിയ കാര്യങ്ങളാണ് കഥാപാത്രങ്ങൾക്ക് കൂടുതൽ സ്വാഭാവികത നൽകുന്നത്. അവർക്കൊരു പ്രത്യേക ശീലം, എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്ക്, സംസാരിക്കുന്ന രീതി, എന്തെങ്കിലും പ്രത്യേകതരം ഭയം, ദിനചര്യ അല്ലെങ്കിൽ വേറിട്ടൊരു പെരുമാറ്റം എന്നിവ നൽകാൻ ശ്രമിക്കുക.

  7. 7

    വികാരങ്ങൾ പ്രവൃത്തികളിലൂടെ വായനക്കാരെ കാണിക്കാം

    ഒരു കഥാപാത്രത്തിന് സങ്കടമോ ദേഷ്യമോ ഭയമോ ഉണ്ടെന്ന് വെറുതെ വാക്കുകളിലൂടെ വായനക്കാരോട് പറയരുത്. പകരം അവരുടെ പ്രവൃത്തികൾ, സംഭാഷണങ്ങൾ, മൗനം, പ്രതികരണങ്ങൾ, അവർ എടുക്കുന്ന തീരുമാനങ്ങൾ എന്നിവയിലൂടെ അത് വായനക്കാർക്ക് അനുഭവിപ്പിക്കുക.

  8. 8

    ബന്ധങ്ങൾ ശ്രദ്ധയോടെ കെട്ടിപ്പടുക്കാം

    മറ്റു കഥാപാത്രങ്ങളുമായുള്ള ബന്ധങ്ങളിലൂടെയാണ് ഒരു കഥാപാത്രം കൂടുതൽ രസകരമായി മാറുന്നത്. അവർ തങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും കാമുകിയോടും/കാമുകനോടും ശത്രുക്കളോടും, ഒപ്പം ഉള്ളിൽ സ്നേഹം വെച്ചുകൊണ്ട് പുറമെ ദേഷ്യം കാണിക്കുന്നവരോടും ഒക്കെ എങ്ങനെയാണ് പെരുമാറുന്നത് എന്ന് വ്യക്തമായി കാണിക്കുക.

  9. 9

    ഒരു രഹസ്യം നൽകാം

    കഥാപാത്രത്തിന്റെ ഉള്ളിലെ ഒരു വലിയ രഹസ്യം, ഭയം, കുറ്റബോധം, മനസ്സിൽ ഒളിപ്പിച്ച പ്രണയം അല്ലെങ്കിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ എന്നിവ കഥയെ കൂടുതൽ ആകർഷകമാക്കും. ഇത് വായനക്കാരിൽ ആ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ജിജ്ഞാസ നിലനിർത്തും.

  10. 10

    പെരുമാറ്റത്തിലെ കൃത്യത നിലനിർത്താം

    ഒരു കഥാപാത്രത്തിന്റെ സ്വഭാവം എങ്ങനെയാണെന്ന് നിശ്ചയിച്ചുകഴിഞ്ഞാൽ, കഥയിലുടനീളം അതിലൊരു കൃത്യത സൂക്ഷിക്കുക. ഇനി കഥയുടെ പുരോഗതിയിൽ അവർക്ക് എന്തെങ്കിലും മാറ്റം വരുന്നുണ്ടെങ്കിൽ, അതിന് പിന്നിലെ കാരണവും അവരുടെ അനുഭവങ്ങളിലൂടെയുണ്ടായ വ്യക്തിത്വ വളർച്ചയും കഥയിൽ വ്യക്തമായി കാണിക്കണം.

  11. 11

    അവസാനമായി…

    കഥാപാത്രത്തെക്കുറിച്ചുള്ള എല്ലാ ചെറിയ വിവരങ്ങളും കഥയിൽ നേരിട്ട് വിവരിക്കേണ്ട ആവശ്യമില്ല. പക്ഷേ, ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങളുടെ കഥാപാത്രത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.

    നിങ്ങൾക്ക് കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകുമ്പോൾ അവരുടെ പ്രവൃത്തികളും സംഭാഷണങ്ങളും വികാരങ്ങളും തീരുമാനങ്ങളുമെല്ലാം കൂടുതൽ ശക്തമാകും. ഇത്തരത്തിൽ മനോഹരമായി വികസിപ്പിച്ചെടുക്കുന്ന കഥാപാത്രങ്ങൾക്ക് വായനക്കാരെ ദീർഘകാലം നിങ്ങളുടെ കഥയോട് ചേർത്തുനിർത്താൻ സാധിക്കും.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? മികച്ച കഥകൾ എഴുതാം-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ