Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം
← All articles വരുമാനവും അക്കൗണ്ട് സുരക്ഷയും

സുരക്ഷിതമായി എഴുതാം: ഓരോ എഴുത്തുകാരനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കണ്ടന്റ് ഗൈഡ്‌ലൈൻസ്

പ്രിയ രചയിതാവേ,

വ്യത്യസ്ത പ്രായത്തിലും പശ്ചാത്തലത്തിലും ജീവിതാനുഭവങ്ങളിലുമുള്ള വായനക്കാരിലേക്കാണ് നിങ്ങളുടെ കഥകൾ എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെയുള്ള എഴുത്ത് വായനക്കാർക്ക് സുരക്ഷിതമായ ഒരു വായനാന്തരീക്ഷം ഒരുക്കാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ കഥകളെയും പ്രൊഫൈലിന്റെ റീച്ചിനെയും വരുമാനത്തെയും സംരക്ഷിക്കുകയും ചെയ്യുന്നു.

ഓരോ എഴുത്തുകാരനും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ:

  1. 1

    ഏതുതരം ഉള്ളടക്കങ്ങളാണ് അനുവദനീയമെന്ന് മനസ്സിലാക്കാം

    പ്രതിലിപി പ്രണയം, ഡ്രാമ, ത്രില്ലറുകൾ, ഹൊറർ, വൈകാരിക നിമിഷങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള കഥകൾ എന്നിങ്ങനെ വിപുലമായ വിഭാഗങ്ങളും പ്രമേയങ്ങളും പിന്തുണയ്ക്കുന്നുണ്ട്. സങ്കീർണ്ണമായ വികാരങ്ങളും ആഴമേറിയ അനുഭവങ്ങളും പക്വതയോടും ബഹുമാനത്തോടും കൂടി അവതരിപ്പിക്കുന്നിടത്തോളം കാലം അവയെക്കുറിച്ച് എഴുതാൻ എഴുത്തുകാരെ ഞങ്ങൾ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.

  2. 2

    പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ തിരിച്ചറിയാം

    ചില തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമിന്റെ പോളിസികൾക്ക് വിരുദ്ധമാണ്. ഇത് കഥകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനോ അല്ലെങ്കിൽ അവ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതിനോ കാരണമായേക്കാം. അശ്ലീലത നിറഞ്ഞ ലൈംഗിക ഉള്ളടക്കങ്ങൾ, ക്രൂരമായ അക്രമങ്ങൾ, ആത്മഹത്യയെ പ്രകീർത്തിക്കൽ, വിദ്വേഷ പ്രസംഗങ്ങൾ, വ്യക്തിഹത്യ, മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കൽ, അനുയോജ്യമല്ലാത്ത കവർ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നത് നിങ്ങളുടെ കഥകളെയും എഴുത്തുകാരൻ എന്ന നിലയിലുള്ള നിങ്ങളുടെ പ്രൊഫൈലിനെയും സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കും.

  3. 3

    സെൻസിറ്റീവ് ആയ പ്രമേയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം

    മുതിർന്നവർക്കുള്ള (mature) പ്രമേയങ്ങൾ കഥ പറച്ചിലിന്റെ പ്രധാന ഭാഗമായി വന്നേക്കാം, പക്ഷേ അവ എങ്ങനെ എഴുതുന്നു എന്നത് വളരെ പ്രധാനമാണ്. വിശദമായ നഗ്നചിത്രീകരണങ്ങൾക്ക് പകരം വായനക്കാരുടെ മനസ്സിൽ തട്ടുന്ന വികാരങ്ങൾ, അതിന്റെ ആഘാതങ്ങൾ, കഥാപാത്രങ്ങളുടെ വളർച്ച, അതിൽ നിന്നുള്ള തിരിച്ചുവരവ് എന്നിവയ്ക്ക് പ്രാധാന്യം നൽകുക. വ്യക്തമായ ലൈംഗിക വിവരണങ്ങളേക്കാൾ വൈകാരികമായ ആഴമുള്ള കഥകളോടാണ് വായനക്കാർക്ക് കൂടുതൽ ആത്മബന്ധം തോന്നാറുള്ളത്.

  4. 4

    പ്രായപരിധി റേറ്റിംഗുകളുടെ പരിധികൾ മനസ്സിലാക്കാം

    ഒരു കഥയ്ക്ക് "18+" ലേബലോ അല്ലെങ്കിൽ മുൻകൂട്ടി ഉള്ളടക്ക മുന്നറിയിപ്പോ നൽകി എന്നതുകൊണ്ട് മാത്രം നിരോധിക്കപ്പെട്ട ഉള്ളടക്കങ്ങൾ അനുവദനീയമാകുന്നില്ല. പ്രായപരിധി റേറ്റിംഗുകൾ വായനക്കാർക്ക് ഒരു വിവരണം നൽകാൻ വേണ്ടിയുള്ളതാണ്, അല്ലാതെ പ്ലാറ്റ്‌ഫോം പോളിസികൾ ലംഘിക്കാനുള്ള അനുമതിയല്ല. കഥകൾക്ക് എന്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, അവ ഉള്ളടക്ക മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിരിക്കണം.

  5. 5

    റിസ്ക് കുറയ്ക്കുന്ന രീതിയിൽ എഴുതാം

    മിക്ക പോളിസി ലംഘനങ്ങളും എഴുത്തുകാരുടെ ഭാഗത്തുനിന്ന് മനഃപൂർവ്വം സംഭവിക്കുന്നതല്ല. മാന്യമായ ഭാഷ ഉപയോഗിക്കുക, ലൈംഗികമായ അമിത വിവരണങ്ങൾ ഒഴിവാക്കുക, പ്രണയകഥകളിൽ വൈകാരികമായ ആഴം കൊണ്ടുവരിക, സുരക്ഷിതമായ കവർ ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നിവ വഴി ഉള്ളടക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഇപ്പോൾ എടുക്കുന്ന ചെറിയ മുൻകരുതലുകൾ പിന്നീട് വരാവുന്ന വലിയ പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കും.

  6. 6

    നിങ്ങളുടെ കഥകളും പ്രൊഫൈലും സംരക്ഷിക്കാം

    മികച്ചൊരു പ്രൊഫൈൽ കെട്ടിപ്പടുക്കുന്നത് കഠിനാധ്വാനത്തിലൂടെയാണ്, അതുകൊണ്ടുതന്നെ അത് വളരെ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം. നിങ്ങളുടെ രചനകളുടെ ബാക്കപ്പ് എപ്പോഴും സൂക്ഷിക്കുക, കമന്റുകളിലോ പോസ്റ്റുകളിലോ ഉള്ള അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, പ്രശ്നക്കാരായ ഉള്ളടക്കങ്ങളോട് പ്രതികരിക്കുന്നതിന് പകരം അവ റിപ്പോർട്ട് ചെയ്യുക. പോസിറ്റീവായ ഒരു സാന്നിധ്യമായി പ്ലാറ്റ്‌ഫോമിൽ തുടരുന്നത് നിങ്ങളുടെ ദീർഘകാല വളർച്ചയ്ക്ക് ഗുണം ചെയ്യും.

  7. 7

    കഥകൾ നീക്കം ചെയ്യപ്പെടുന്നത് മുൻകൂട്ടി തടയാം

    ഉള്ളടക്ക പരിശോധനകൾ ചിലപ്പോൾ നിങ്ങളുടെ കഥകളുടെ റീച്ചിനെയും വായനക്കാരുടെ എണ്ണത്തെയും ബാധിച്ചേക്കാം. അതുകൊണ്ട്, നിങ്ങളുടെ പഴയ അധ്യായങ്ങൾ, വിവരണങ്ങൾ, കവർ ചിത്രങ്ങൾ എന്നിവ പോളിസികൾക്ക് വിധേയമാണോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തുക. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങൾ മുൻകൂട്ടി തിരുത്തുന്നത് തടസ്സങ്ങളില്ലാതെ മുൻപോട്ട് പോകാനും നിങ്ങളുടെ വായനക്കാരെ നിലനിർത്താനും സഹായിക്കും.

  8. 8

    അവസാനമായി…

    ഉത്തരവാദിത്തത്തോടെയുള്ള എഴുത്ത് നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഒരിക്കലും തളർത്തുന്നില്ല. പകരം, അത് നിങ്ങളുടെ കഥകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാനും, പ്ലാറ്റ്‌ഫോമിൽ ദീർഘകാലം നിലനിൽക്കാനും, വിജയകരമായ ഒരു റൈറ്റിംഗ് കരിയർ കെട്ടിപ്പടുക്കാനും സഹായിക്കുകയാണ് ചെയ്യുന്നത്.

ഹാപ്പി റൈറ്റിംഗ്!

— ടീം പ്രതിലിപി

ഇത് ഉപകാരപ്രദമായിരുന്നോ? വരുമാനവും അക്കൗണ്ട് സുരക്ഷയും-ല്‍ കൂടുതൽ ലേഖനങ്ങൾ വായിക്കൂ. കൂടുതൽ കാണൂ