മഞ്ഞപ്പാവാട കഥ ശരീഫ മണ്ണിശ്ശേരി പനിവെയിലിന്റെ പൊള്ളുന്ന, പിഞ്ഞിയ തലയണയും പുതപ്പും മുഖത്തമര്‍ത്തി അവളെന്നെ നോക്കി.വരണ്ടു വിണ്ട ചുണ്ടുകളില്‍ മരുഭൂദാഹം വിതുമ്പി.ചുട്ടു പഴുത്ത ഇരുമ്പില്‍ നിന്നെന്നോണം ആ കണ്‍കളില്‍ നിന്നും ചൂട് പ്രസരിച്ചു.അതില്‍ കൈ പൊള്ളിയെങ്കിലും അടുത്തേക്ക് ഒന്നൂടെ ഒട്ടിക്കിടന്നു. ഇപ്പോള്‍ രണ്ടു സൂര്യന്മാര്‍ ഒരുമിച്ച പോലെ..ചുറ്റും ചൂട്..ചൂളക്ക് വെച്ച രണ്ടു ഇഷ്ടികക്കട്ടകള്‍.. 'മാളൂ,ആ മഞ്ഞപ്പാവാട ഒന്നൂടെ കാണണം ഇന്‍ക്ക്.കറുത്ത പുള്ളികളുള്ള അതു പുതച്ചു പൊന്തേലിരുന്നാ പുലിയാണെന്ന് ...