Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അയാളും അവളും

4.4
27276

അവൾക്ക് മുപ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് നിത്യരോഗിണിയായിരുന്ന അമ്മ മരിച്ചത്. ജന്മം കൊണ്ടേ പരമ ദരിദ്രയായിരുന്ന അവൾ അതോടെ തികഞ്ഞ അനാഥയുമായി. കണ്ണടിച്ചു കാണിയ്ക്കാനും നടന്നു പോകുമ്പോൾ ഇരുട്ട് വാക്കിനു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഓണ്‍ലൈന്‍ ലോകത്ത് പ്രസിദ്ധയായ ബ്ലോഗര്‍. ഒട്ടേറെ പ്രസിദ്ധികരണങ്ങളിലും ഓൺലൈൻ പത്രങ്ങളിലും മാസികകളിലും ഗ്രൂപ്പുകളിലും ഇപ്പോഴും സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു. ആദ്യപുസ്തകം 'അമ്മീമ്മക്കഥകള്‍' 2014ല്‍ പ്രസിദ്ധീകൃതമായി. ജീവിതം എഴുതി പഠിപ്പിച്ച പാഠങ്ങള്‍ക്കപ്പുറത്ത് ഒന്നും സ്വന്തമായില്ലാത്തവളാണു എച്ച്മുക്കുട്ടി. അഭയമില്ലാതെ കാലു വെന്ത് ഓടിയ ഈ ജീവിതം മാത്രമാണ് മൂലധനം. നിരന്തരമായ അലച്ചിലും അലച്ചിലുകളിലെ ജീവിതവും ആ ജീവിതം എഴുതിപ്പഠിപ്പിച്ച അനുഭവങ്ങളും മാത്രമാണ് എന്നും അടിസ്ഥാനപരമായ കൈമുതല്‍. എന്തുകൊണ്ട് എച്മുക്കുട്ടി എന്ന പേരെന്ന് അനേഷിക്കുന്നത് ഒരുപക്ഷെ, ആ പേരിന്റെ കൗതുകം കൊണ്ടാവാം. എച്ച്മുക്കുട്ടിയുടെ അമ്മയുടെ മഠത്തില്‍ വളരെക്കാലം ജോലി ചെയ്തിരുന്ന ഒരു അമ്മൂമ്മയുണ്ട്. അവരുടെ പേര് എച്ച്മു എന്നാണ്. അമ്മൂമ്മയുടെ മക്കളും കൊച്ചുമക്കളും എല്ലാം ഇപ്പോള്‍ ഗള്‍ഫിലും ജര്‍മ്മനിയിലും ഒക്കെയാണ്. മക്കള്‍ സമാധാനമായി മരിക്കാന്‍ വിടുന്നില്ലെന്നാണ് അമ്മൂമ്മയുടെ ഇപ്പോഴുള്ള പരാതി. ഇരുമ്പിന്‍റേം സ്റ്റീലിന്‍റേം ഒക്കെ ഗുളികകള്‍ കൊടുത്ത് ഒരു പ്രയോജനവുമില്ലാത്ത അമ്മൂമ്മയെ ഇങ്ങനെ ഉണക്കി വെയ്ക്കുകയാണത്രേ. ലക്ഷ്മിക്കുട്ടി എന്ന പേര് താഴ്ത്തപ്പെട്ട ജാതിക്കാര്‍ ഇട്ടാല്‍ സവര്‍ണര്‍ അവരെ എച്ച്മുക്കുട്ടി, എച്ചിക്കുട്ടി, എച്ചുക്കുട്ടി എന്നൊക്കെ വിളിച്ച് വികൃതമാക്കുമായിരുന്നു പഴയ കാലങ്ങളില്‍. എസ് കെ പൊറ്റെക്കാടിന്‍റെ ഒരു ദേശത്തിന്‍റെ കഥയില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ദ്രാവിഡത്തനിമയുള്ള വാക്കുകള്‍ നമ്മള്‍ പലപ്പോഴും തെറിവാക്കുകളായും ഗ്രേഡ് കുറഞ്ഞ വാക്കുകളായും ഉപയോഗിക്കാറുമുണ്ട്. ജനനം തിരുവനന്തപുരത്ത്. ഇപ്പോള്‍ താമസിക്കുന്നതും അവിടെ തന്നെ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ തരം ജോലികള്‍ ചെയ്തു. മണ്ണിഷ്ടിക ഉണ്ടാക്കുന്നതും ബേബി സിറ്റിംഗ് നടത്തുന്നതും ചായ ഉണ്ടാക്കുന്നതും കണക്കെഴുതുന്നതും മാത്രമല്ല ടോയിലറ്റ് ക്ലീനിംഗ് ഉള്‍പ്പടെയുള്ള എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. മാനസികരോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി, ഭിന്നലിംഗക്കാര്‍ക്കു വേണ്ടി, അംഗപരിമിതര്‍ക്ക് വേണ്ടി ഒക്കെ ചെറിയ രീതിയില്‍ എച്ച്മുക്കുട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ പ്രോജക്ടുകളിലെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് കുറെ വിപുലമായ യാത്രകളും നടത്തി. മാര്‍ക്സിനേയും എംഗല്‍സിനേയും മാത്രമല്ല വിവേകാനന്ദനേയും ഗാന്ധിയേയും വായിച്ചിട്ടുണ്ട്. അംബേദ്കറും കാഞ്ച ഐലയ്യയും അസ്ഗര്‍ അലി എന്‍ജിനീയറും പരിചിതരാണ്. പറ്റാവുന്നത്ര വിപുലമായി, മുന്‍ വിധികളുടെ ചങ്ങലക്കെട്ടുകളില്ലാതെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. വായനകളില്‍ നിന്നും കാഴ്ചകളില്‍നിന്നും കേള്‍വികളില്‍ നിന്നും മനുഷ്യരുടേയും പരിസ്ഥിതിയുടേയും വേദനകള്‍ ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ടെന്നും അവയില്‍ ഒട്ടനവധി സാമ്യങ്ങളുണ്ടെന്നും മനസ്സിലാക്കുന്നുണ്ട്. സ്റ്റേറ്റിന്‍റെ വ്യത്യസ്ത നിയമങ്ങളുമായി ഏറ്റുമുട്ടിക്കൊണ്ട് ഇന്ത്യയിലെ വിവിധ കുടുംബകോടതികളിലും സിവില്‍ ക്രിമിനല്‍ കോടതികളിലും ജീവിതത്തിന്‍റെ കുറെ സമയം ചെലവാക്കേണ്ടി വന്നിട്ടുണ്ട്. കല എന്ന സ്വന്തം പേര് ഈ എഴുത്തുകാരിക്ക് ഒരിക്കലും മറക്കാനാവാത്ത സങ്കടങ്ങള്‍ മാത്രമേ നൽകിയിട്ടുള്ളൂ. അതുകൊണ്ടാണ് എഴുതുമ്പോള്‍ മറ്റൊരു പേര് വേണമെന്ന് മോഹിച്ചത്. സങ്കടങ്ങളെ മറികടക്കാനുള്ള ഒരു ഞുണുക്ക് വിദ്യ. അമ്മയുടെ മഠത്തില്‍ ജോലി ചെയ്തിരുന്ന ആ അമ്മൂമ്മയുടെ പേരാണ്, ഏറെ വയസ്സു ചെന്ന അമ്മൂമ്മയോടുള്ള ആദരവാണ്, തന്റെ ബ്രാഹ്മണ വേരുകളോടുള്ള പ്രതിഷേധമാണ് എച്ച്മുക്കുട്ടിയായി മാറിയത്. ‘എഫ്.ബിയിലെ പ്രൊഫൈലിൽ എന്തിനാ പശുക്കുട്ടിയുടെ പടം... ഗോമാതാ പൂജ ചെയ്യുകയാണോ ... സവര്‍ണതയുടെ ചിഹ്നമാണോ ... ആര്യന്മാര്‍ പ്രാധാന്യം നല്‍കിയ ഈ ജീവിയെ എന്തിനു പടമായി സ്വീകരിച്ചിരിക്കുന്നു’ എന്നൊക്കെ ചോദിക്കുമ്പോള്‍ എച്ച്മുക്കുട്ടിയുടെ മറുപടി ഇങ്ങനെ: ''എന്നെ വളരെ ഏറെ സ്നേഹിച്ച ഒരു അമ്മയുടെ പശുക്കുട്ടിയാണ് ആ പടത്തിലുള്ളത്. തേച്ചു മിനുക്കിയ ഓട്ടു ഗ്ലാസില്‍ ചൂടും മധുരവുമുള്ള ചായയും വാഴയിലച്ചീന്തില്‍ ചുവന്നുള്ളിയും കറിവേപ്പിലയും വറുത്തിട്ട കപ്പപ്പുഴുക്കും ആ അമ്മ എന്‍റെ വയറു നിറയെ കഴിപ്പിച്ചിട്ടുണ്ട്. ആ ദിവസങ്ങളും ആ രുചിയുമൊന്നും ഒരിക്കലും മറക്കുവാന്‍ കഴിഞ്ഞിട്ടില്ല... ഇനി എത്ര വിശേഷപ്പെട്ട വിഭവങ്ങള്‍ കഴിക്കാനായാലും ആ രുചി മറക്കുവാന്‍ കഴിയുകയുമില്ല. പ്രസവവേദനയില്‍ പോലും ഉറക്കെ കരയാത്ത പശു ഒരു അടയാളമാണ്. പെണ്മയിലെ ഒതുക്കിപ്പിടിച്ചിരിക്കുന്ന സങ്കടങ്ങളുടേയും വേദനകളുടേയും നിശ്ശബ്ദതയാണ്... മൌനത്തിന്‍റെയുള്ളില്‍ തിളയ്ക്കുന്ന മുലപ്പാല്‍ മണമുള്ള രാഷ്ട്രീയമാണ്''. ലളിതമായ ഭാഷയും സത്യസന്ധമായ നിലപാടുകളും കൊണ്ട് ശ്രദ്ധേയയായ എഴുത്തുകാരിയാണ് എച്മുക്കുട്ടി. നന്നെ കുട്ടിയായിരിയ്ക്കുമ്പോഴേ വായന എച്ച്മുക്കുട്ടിയെ അത്യധികം ആകർഷിച്ചിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കും. അങ്ങനെയാണ് സിനിമാ നോട്ടീസു മുതൽ നിഘണ്ടു വരെ നീളുന്ന വായന ഒപ്പം കൂടിയത്. പുസ്തകങ്ങൾ എഴുതുന്നവർ സാധാരണ മനുഷ്യരാവാൻ ഒരു വഴിയുമില്ലെന്നായിരുന്നു വിശ്വാസം. എച്ച്മുക്കുട്ടിക്കിഷ്ടപ്പെട്ട കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നവരെ കണ്ടിരുന്നത് തന്റെ പരിചയ വലയത്തിലെ ദൈവങ്ങൾക്കൊപ്പമായിരുന്നു. അതുകൊണ്ട് കുത്തിക്കുറിയ്ക്കുവാനുള്ള ആശയുണ്ടായപ്പോഴൊക്കെ അതൊരു ശീലമാക്കി മാറ്റി, വളരെ പണ്ടു തന്നെ. ആദ്യ കഥയെഴുതിയത് രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ്. ആ പൊൻകുഞ്ഞിനെ ബാല പ്രസിദ്ധീകരണങ്ങള്‍ക്കയച്ചു കൊടുത്തു. പോയതിലും സ്പീഡിൽ കാ കാ കരഞ്ഞുകൊണ്ട് കാക്കക്കുഞ്ഞു മടങ്ങി വന്നു. മുതിർന്നു വരുന്തോറും കഥകളും കവിതകളും ലേഖനങ്ങളും എഴുതി പല പ്രസിദ്ധീകരണങ്ങൾക്കും അയച്ചു. എന്നാൽ അവയെല്ലാം വെളിച്ചം കണ്ടത് തീപ്പെട്ടിക്കൊള്ളിയുടെയും ഇലക്ട്രിക് ബള്‍ബിന്‍റേയും കാരുണ്യത്തിൽ മാത്രമായിരുന്നു. ഇനി ആർക്കും ഒന്നും അയയ്ക്കുകയില്ല എന്ന് തീരുമാനിച്ചത്, മറുപടിക്കവർ സ്റ്റാമ്പൊട്ടിച്ചു വെയ്ക്കാതിരുന്നിട്ടു പോലും പത്രാധിപർ സ്വന്തം ചെലവിൽ തന്റെ കഥയെ ഖബറടക്കി എച്ച്മുക്കുട്ടിക്കയച്ചു കൊടുത്തപ്പോഴാ‍ണ്. പിന്നെ നിസ്സംഗമായ വെറും കുത്തിക്കുറിയ്ക്കലും, വ്യക്തിപരവും ഔദ്യോഗികവും ആയ ആവശ്യങ്ങൾക്കുള്ള കത്തെഴുതലും മാത്രമായിത്തീർന്നു, ഈ പ്രതിഭയുടെ സാഹിത്യപ്രവർത്തനം. ജീവിതക്ലേശങ്ങള്‍ക്കിടയില്‍ പഴയ എഴുത്താശ മറക്കുകയും ചെയ്തു. എച്മുക്കുട്ടിയുടെ കുറിപ്പുകള്‍ വായിക്കാനിടയായ ചുരുക്കം ചില ആത്മാർഥ സുഹൃത്തുക്കളും കൂട്ടുകാരന്‍റെ റ്റെക്കിയായ സഹോദരനുമാണ് ബ്ലോഗിന്റെ ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്. കൂട്ടുകാരനുണ്ടാക്കിത്തന്ന ബ്ലോഗില്‍ മടിച്ചു മടിച്ചാണ് എച്മുക്കുട്ടി എഴുതി തുടങ്ങിയത്. ആദ്യ പോസ്റ്റിനു ശേഷം നാലു മാസത്തോളം ബ്ലോഗ് തുറന്നു നോക്കാൻ പോലും മനസ്സുണ്ടായില്ല. അവരുടെ നിരന്തര പ്രേരണ കൊണ്ടാണ് പതുക്കെപ്പതുക്കെ ബ്ലോഗ് എഴുതാൻ തയാറായത്. ഇപ്പോൾ മൂന്നാലു വർഷമായി, ഇരുനൂറിലധികം പോസ്റ്റുകളുമായി. ആദ്യമാദ്യം വലിയ പ്രയാസമായിരുന്നു എന്തെങ്കിലും എഴുതാൻ. എഴുതിയാൽ തന്നെ പോസ്റ്റ് ചെയ്യാൻ…ആരെങ്കിലും വായിയ്ക്കുമോ, വായിച്ചിട്ട് “ചേച്ചിയ്ക്ക് വേറെ പണിയൊന്നുമില്ലേ“ എന്ന് കമന്റെഴുതുമോ എന്നൊക്കെ ഭയം തോന്നിയിരുന്നു. ആദ്യ വർഷത്തിൽ മുപ്പതോളം പോസ്റ്റുകൾ ഇട്ടു. കുറച്ചു പേർ പതുക്കെപ്പതുക്കെ സ്ഥിരം വായനക്കാരായി മാറി. ശ്രീ സനിലും ജ്യോതിസ്സ് എന്ന ഇ മാഗസിനിലെ ശ്രീമതി ജ്യോതിഭായ് പരിയാടത്തും ഒരു കഥ ആവശ്യപ്പെട്ട് മെയിൽ അയച്ചപ്പോൾ തന്റെ ബ്ലോഗും വായിയ്ക്കപ്പെടുന്നുണ്ടെന്ന് ആത്മവിശ്വാസമുണ്ടായിത്തുടങ്ങി. കേരളകൌമുദി വാരികയിലെ ബ്ലോഗുലകത്തിൽ മൈത്രേയി എന്ന ബ്ലോഗർ എച്മുക്കുട്ടിയുടെ ബ്ലോഗിനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പെഴുതി. കുറച്ചു കാലത്തിനുള്ളിൽ മലയാളം ഡോട്ട് കോം, ബിലാത്തി മലയാളി, തർജ്ജനി, ബൂലോഗം ഓൺലൈൻ, നാട്ടുപച്ച എന്നീ ഇ മാഗസിനുകളിൽ ചില രചനകൾ വന്നു. കേരള കൌമുദി വാരിക, സിറാജ് ഫ്രൈഡേ, വർത്തമാനം ദിനപത്രം, കുങ്കുമം മാസിക, മാധ്യമം വാരികയും ദിനപ്പത്രവും, പ്രസക്തി മാസിക, അസ്സീസ്സി മാസിക എന്നിങ്ങനെയുള്ള അച്ചടി മാധ്യമത്തിലും കുറച്ച് രചനകൾ വരികയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിലും ഒരവസരം കിട്ടി. ബ്ലോഗ് എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് 'മൌനത്തിനപ്പുറത്തേയ്ക്ക്' എന്നും 'നേരുറവകൾ' എന്നും രണ്ടു സമാഹാരങ്ങൾ പുറത്തിറങ്ങിയതിലും എച്മുക്കുട്ടിയുടെ കഥകൾ ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിൽ വെച്ച് പ്രകാശനം ചെയ്ത ബ്ലോഗ് സുവനീറിലും ഒരു കഥയുണ്ടായിരുന്നു. മാധ്യമം ദിനപ്പത്രത്തിലെ കുടുംബമാധ്യമത്തിൽ സ്വകാര്യം എന്ന പേരിൽ ഒരു കോളവുമെഴുതി. ബ്ലോഗ് എഴുത്തുകാരുടെ ഒരു ചെറുകഥാസമാഹാരമായ ഭാവാന്തരങ്ങളിലും ഒരു കഥ വന്നിട്ടുണ്ട്. എച്ച്മുക്കുട്ടിയുടെ ആദ്യപുസ്തകം 'അമ്മീമ്മക്കഥകള്‍' 2014ല്‍ പ്രസിദ്ധീകൃതമായി. സീഎല്ലെസ് ബുക്സാണ് പ്രസാധകർ. ഒരു കഥയുമില്ലാത്ത ആചാരങ്ങളിൽ തട്ടി തകർന്നുപോയ ഒരു ജീവിതം പിന്മുറക്കാറിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്ന കഥകളാണ് 'അമ്മീമ്മക്കഥകളി'ൽ. കഥാകാരിയുടെ അമ്മയുടെ ജ്യേഷ്ഠ സഹോദരിയാണ് ഈ പുസ്തകത്തിലെ എല്ലാ കഥകളിലും നിറഞ്ഞു നിൽക്കുന്ന അമ്മീമ്മ (പേരമ്മ) എന്ന ഉന്നത കുലജാതയായ സ്ത്രീ. പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ. അവർ ആത്മഹത്യ ചെയ്തില്ല. അവർ നിഷേധ, വിധി ഭാഷയിലൂന്നിയ കർമ്മത്തിലൂടെ ഒരു സാധാരണ മനുഷ്യ സ്ത്രീയായും ചിലപ്പോൾ സന്യാസിനിയായും മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു. മുപ്പതു വയസ്സ് തികഞ്ഞതിനു ശേഷം നിരാഹാരമുൽപ്പടെയുള്ള സമരം ചെയ്തു അക്ഷരം പഠിക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു. സംഭവ ബഹുലമായ ആ ജീവിതമാണ് പല കഥകളിലായി എച്ച്മുക്കുട്ടി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഇക്കാലത്തെ കഥകളിലെ പോലെ കഥാന്ത്യത്തിലെ ട്വിസ്റ്റോ പൊട്ടിത്തെറിക്കുന്ന ക്ല്യമാക്സോ ഒന്നും എച്ച്മുക്കുട്ടി ഉപയോഗിക്കുന്നില്ലെന്ന് അമ്മൂമ്മക്കഥകളിലെ അവതാരികയിൽ ചന്തു നായർ അഭിപ്രായപ്പെടുന്നു. അതിലെ ഓരോ കഥയും ആവേശത്തോടെ വായിച്ചു നീങ്ങുന്നത്‌ ജീവിതഗന്ധിയായ ആവിഷ്കാരം കൊണ്ട് തന്നെയാണെന്ന് അദ്ദേഹം പറയുന്നു. എച്മുക്കുട്ടി ചെറുതായും ലളിതമായും പറയുമ്പോൾ ഒരു ചെറിയ ചിത്രം കൂടി വരയ്ക്കുന്നുവെന്നും അത് മായ്ക്കാൻ ആർക്കും ആകില്ലെന്നും പുസ്തകത്തിന്റെ ആമുഖത്തിൽ തിരുവനന്തപ്പുരം മഹിളാഖ്യ ഡയരക്ടർ പി.ഇ. ഉഷ അഭിപ്രായപ്പെടുന്നു. എച്ച്മുക്കുട്ടിയുടെ പല കഥകളും കണ്ണീരോടെയല്ലാതെ വായിച്ചു തീരില്ല. ഇത് പഴയ വർത്തമാനമൊന്നുമല്ല, കേവലം നാൽപ്പതു വർഷത്തോളം മാത്രം പ്രായമുള്ള കേരളത്തിലേത് ആണെന്ന് പി.ഇ. ഉഷ എഴുതുന്നു. ഈ പുസ്തകത്തിലെ ഒരു ഭഗവത്‌ ഗീതയും രണ്ടു ചിരട്ട കയിലുകളും, ഘനമുള്ള പുസ്തകം, തെരട്ടി പാൽ തുടങ്ങിയ കഥകൾ എല്ലാം വളരെ തന്മയത്തത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തെണ്ടിമയിസ്രേട്ടായ ജാനകിയമ്മയും, പാറുകുട്ടിയും, ഗോവിന്ദനും നമ്മുടെ മനസ്സിനുള്ളിൽ തനത്‌ രൂപത്തിലുള്ളതു പോലെ വായനക്കാർക്ക് അനുഭവപ്പെടും. ലളിത മനോഹര ശൈലി ഏതു തരം വായനക്കാരനും ഒരു പോലെ ഇഷ്ടപ്പെടുമെന്നത്‌ തീർച്ചയാണ്. കഴിഞ്ഞ മാസത്തെ സമകാലിക മലയാളത്തിൽ എച്ച്മുക്കുട്ടിയുടെ കഥകളെ പഠനവിധേയമാക്കി ജി. ഉഷാകുമാരി ഇങ്ങനെ എഴുതുന്നു.:അമ്മ ലോകത്തിന്റെ കഥകള്‍ ബാലമണിയമ്മയും മാധവികുട്ടിയും ലളിതാംബികയും മുതല്‍ രേഖ (പാലാഴിമഥനം) ഇന്ദുമേനോനും(ഭ്രൂണം) വരെയും ധാരാളമായി എടുത്തു പെരുമാറിയിട്ടുണ്ട്. കാല്‍പനികലോകത്ത് അമ്മ വളരെ ജനപ്രിയമായ ഒരു സാസ്‌കാരികബിംബമാണ്. ആദ്യകാലകഥാകാരികളില്‍ പലരും മാതൃത്വത്തെ ഏറ്റെടുക്കുന്നതിലെ വ്യത്യാസങ്ങള്‍ അവരുടെ ലിംഗപ്രത്യയശാസ്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. സമാന്യവല്‍കരിക്കപ്പെട്ട മാതൃത്വത്തിന്റെ സാംസ്‌കാരികലോകത്തോട് ചേര്‍ന്നു നില്‍ക്കുകയും അതിനോട് സംവദിച്ചുകൊണ്ട് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ വിധത്തില്‍ അതിനകത്തെ ബലതന്ത്രങ്ങള്‍ തെളിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് എച്ച്മുകുട്ടിയുടെ മാതൃലോകത്തിന്റെ പ്രത്യേകത. മാതൃലോകത്തിന്റെ വൈകാരികമൂലധനം എന്നു പേരിട്ടു വിളിക്കാവുന്ന ഒരു ആശയമണ്ഡലം തന്നെ ഈ മാതൃലോകത്ത് വ്യവഹാരിക്കപ്പെടുന്നു. വൈകാരികതയെ വൈകാരികത കൊണ്ടുതന്നെ പരിചരിച്ചെടുക്കുന്ന ഒരു മാതൃക തന്നെ ഇതിനായി ഇവിടെ പരീക്ഷിക്കുന്നു. തന്റെ കുഞ്ഞിനെ താന്‍ തന്നെ തിന്നുകളയുന്ന തള്ളപൂച്ചയും ഈറ്റുജലവും കറയുമിഴുകിയ ദേഹം നക്കിതോര്‍ത്തുന്ന തള്ളപ്പശുവും ഭക്ഷണം വായിലിട്ടു കൊടുത്തു പരിചരിക്കുന്ന അമ്മക്കിളിയും കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുന്ന പരുന്തില്‍ നിന്ന് ചിറകിന്‍ കീഴിലൊതുക്കി സംരക്ഷിക്കുന്ന കോഴിയമ്മയും ഒക്കെയുള്ള ജീവിലോകത്തിലെ മാതൃത്വം പോലെ തന്നെ ജൈവികമായ ഒരു വ്യവസ്ഥയാണിവിടെ മാതൃത്വം. പ്രകൃതിസഹജങ്ങളും വാസനാകൃതവുമായ ഒരു ജൈവവ്യവസ്ഥ. 'ന്റെ അനീത്തി, അല്ലാന്റെ മോള്' 'മുലപ്പാലിന്റെ നിറവ്', 'ദൈവത്തിന്റെ പരിഗണനകള്‍ വെറുമൊരു പത്തുമാസകണക്ക്, 'അന്ത്രു', 'സാദനം', 'തെണ്ടിമയിസ്രെട്ട്', 'തുരുമ്പുപിടിച്ച ഹുക്കുള്ള ഒരു ബ്ലൗസ്', 'തിരുപ്പിറവി' എന്നിങ്ങനെ അനേകം കഥകളിലെ മാതൃത്വം ഇപ്രകാരം ജൈവികവും ഐന്ദ്രിയവുമായ സ്വത്വപരിസരമാണ്''. എഴുത്ത് ഒരു ആത്മപ്രകാശനമെന്നതിലുപരി സാമൂഹ്യമായ ചില കടമകളെയും നിറവേറ്റുന്നുണ്ടെന്നാണ് എച്ച്മുക്കുട്ടിയുടെ ധാരണ. ലോലലോലമായി മാധുര്യമേറിയ കളവുകള്‍ പറഞ്ഞും മൃദുല വികാരങ്ങളുടെ ഇക്കിളിയുണര്‍ത്തിയും ഉള്ള ഒരു സുഖിപ്പിക്കല്‍ മാത്രമല്ല എഴുത്തെന്ന് കരുതുന്നു. മുപ്പത്തിയാറു തരം നെല്‍വിത്തുകള്‍ കൈവശമുണ്ടായിരുന്ന കൃഷിക്കാര്‍ ഒരു നെല്‍ വിത്തും കൃഷി ചെയ്യാനാകാതെ നിസ്സഹായരാകുന്ന നമ്മുടെ നാട്ടില്‍, ഗര്‍ഭത്തിലുള്ള പെണ്‍കുഞ്ഞിനെ ഏതു വിധേനെയെങ്കിലും വധിച്ചു കളയാന്‍ വ്രതവും മരുന്നും ശസ്ത്രക്രിയയും സുലഭമായ നമ്മുടെ നാട്ടില്‍, പിഞ്ചുകുഞ്ഞുങ്ങളെ മാതാപിതാക്കന്മാര്‍ കണക്ക് പറഞ്ഞു വില്‍ക്കുന്ന നമ്മുടെ നാട്ടില്‍, അന്യമതവിശ്വാസിയെ പ്രേമിച്ച പെണ്ണിനു ബലാല്‍സംഗം ശിക്ഷയായിക്കിട്ടുന്ന നമ്മുടെ നാട്ടില്‍, വിലപിടിപ്പുള്ള പ്രകൃതി സമ്പത്തുകളുള്ള, അമൂല്യമായ ഖനിജങ്ങളുള്ള ഇടങ്ങളില്‍ ജനിച്ചു പോയി എന്ന കുറ്റത്തിനു കുടിയിറക്കപ്പെടുന്ന മനുഷ്യരെ കാണാവുന്ന നമ്മുടെ നാട്ടില്‍, ഓരോ നിമിഷവും ബലാല്‍സംഗം ചെയ്യപ്പെടുന്ന പ്രകൃതിയും പരിസ്ഥിതിയും ആവാസവ്യവസ്ഥയുമുള്ള നമ്മുടെ നാട്ടില്‍, അതിരുകളേതുമില്ലാത്ത പണാധിപത്യവും പരിമിതമായ ജനാധിപത്യവും പുലരുന്ന നമ്മുടെ നാട്ടില്‍ , സംസ്ക്കാരത്തിന്‍റെ പേരില്‍ എന്തു കാപട്യവും ഇരട്ടത്താപ്പും നടമാടുന്ന നമ്മുടെ നാട്ടില്‍ എഴുത്തുകാര്‍ക്ക് തുറക്കാന്‍ കെല്‍പ്പുള്ള ഒരു തൃക്കണ്ണും ഇല പൊഴിയുന്ന ശബ്ദം പോലും ശ്രാവ്യമാകുന്ന നായ്ച്ചെവിയും മടങ്ങാന്‍ വിസമ്മതിക്കുന്ന നിവര്‍ന്ന നട്ടെല്ലും ഉണ്ടായേ തീരു. ആരും കാണാത്തതു കാണുകയും ആരും കേള്‍ക്കാത്തതു കേള്‍ക്കുകയും ചെയ്യേണ്ടത് എഴുത്തുകാരുടെയും കൂടി ചുമതലയാണ്. ഇതെല്ലാം ആര്‍ജ്ജിക്കുന്നത് ഒട്ടും എളുപ്പമല്ലെങ്കിലും അതിനായി മോഹിക്കുന്നുണ്ട് എച്മുക്കുട്ടി. അതിനായി നിരന്തരം തന്നെത്തന്നെ പുതുക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എഴുത്ത് എളുപ്പമായ ഒരു കാര്യമല്ല എന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനമായ വെല്ലുവിളി. വളരെ നന്നായി എന്ന് പറഞ്ഞു കേള്‍ക്കുമ്പോഴും ഇനിയും നന്നാക്കാനാവുന്ന ഒരംശം എഴുത്തില്‍ ബാക്കിയുണ്ടാവും എന്ന ബോധ്യമാണ് എഴുതുമ്പോള്‍ ഉണ്ടാകേണ്ടത്. പ്രപഞ്ചത്തിലെ അനുഭവപരിസരങ്ങള്‍ ഓരോരുത്തര്‍ക്കും ഓരോന്നാകുന്നതുകൊണ്ട് മുന്‍വിധികളില്ലാതെ അസഹിഷ്ണുതയില്ലാതെ എല്ലാ ജീവിതങ്ങളേയും എല്ലാ രചനകളെയും സമീപിക്കാന്‍ ആവശ്യമായ തുറന്ന മനസ്സ് എഴുത്തുകാര്‍ക്ക് അത്യന്താപേക്ഷിതമാണ്. അതുണ്ടാക്കിയെടുക്കാനുള്ള അവസാനിക്കാത്ത പരിശ്രമമാണ് എഴുത്തിന്‍റെ മറ്റൊരു വെല്ലുവിളി. എഴുത്തിനായി സ്വയം ബലിയാടാകുന്ന യാതനാപൂര്‍ണമായ ഒരവസ്ഥയാണത്. പൊതുവേ സ്ത്രീകള്‍ എഴുതുമ്പോള്‍, അവരുന്നയിയ്ക്കുന്ന പ്രശ്നങ്ങൾ അതീവ നിസ്സാരമാണെന്ന് പറയുന്നതും അഥവാ പ്രശ്നങ്ങൾ ഗുരുതരമാണെങ്കിൽ തന്നെ, കേട്ട് കേട്ട് ആവർത്തന വിരസത നിമിത്തം ബോറടിച്ചു എന്ന് നിരുത്സാഹപ്പെടുത്തുന്നതും സാധാരണമാണ്. സ്ത്രീ പ്രശ്നങ്ങൾ എഴുതുന്നതു നിറുത്തിയിട്ട് പുരുഷന്മാരുടെ പ്രശ്നങ്ങളെക്കുറിച്ച് എഴുതൂ അപ്പോൾ മാത്രമേ പൂർണ്ണതയുള്ള എഴുത്താകൂ എന്ന് നിർബന്ധിക്കുന്നതും പതിവാണ്. സ്ത്രീകളുടെ വളർച്ചയെ തടയുന്നത് സ്ത്രീകൾ ആണെന്ന സമൂഹത്തിന്റെ വാദം അത്രയും ശക്തിയോടെ സൈബര്‍ ഇടവും പ്രചരിപ്പിക്കുന്നു. അത് ഏതെങ്കിലും ഒരു വനിതാ എഴുത്തുകാരി അവതരിപ്പിയ്ക്കുകയാണെങ്കിൽ, ആ പോസ്റ്റ് ആവേശത്തോടെ സൈബര്‍ ലോകം മുഴുവൻ വ്യാപിക്കും. “ നിങ്ങൾ ഇപ്പോൾ എന്തു പറയുന്നു? ഇതാ ഈ പരമമായ സത്യം ഉയർത്തിപ്പിടിച്ചിരിയ്ക്കുന്നത് നിങ്ങളുടെ കൂട്ടത്തിലെ തന്നെ ഒരു വനിതയാണ്“…..എന്ന ചോദ്യത്തിന്റെ അകമ്പടിയോടെ ആ പോസ്റ്റ് രണ്ടും മൂന്നും തവണ അയച്ചു കിട്ടും . ഉദാഹരണത്തിന് ബലം കൂട്ടാൻ അമ്മായിയമ്മ നാത്തൂൻ പോരുകളും പീഡനക്കേസ്സുകളിലെ സ്ത്രീ‍ കുറ്റവാളികളുടെ റോളുകളും വീഡിയോ ചാറ്റില്‍ സ്ത്രീകള്‍ നഗ്നരായി പ്രത്യക്ഷപ്പെട്ടെന്ന വിവരവും അവതരിപ്പിക്കപ്പെടും. പുരുഷന്മാര്‍ വളരെ പാവങ്ങളും നിഷ്ക്കളങ്കരും നല്ലവരും ആണെന്നും ബന്ധങ്ങളിലെ താളപ്പിഴകള്‍ക്ക് സ്ത്രീകള്‍ മാത്രമാണ് ഉത്തരവാദികളെന്നും സ്ത്രീകള്‍ നന്നായാല്‍ എല്ലാം ശരിയായെന്നുമുള്ള നിലപാട് സൈബര്‍ ലോകത്തിനും നന്നെ രുചിക്കുന്ന ഒന്നാണ്. സ്ത്രീ പുരുഷസമത്വം മാത്രമല്ല, ജാതീയവും മതപരവും രാഷ്ട്രീയവും എന്നല്ല എല്ലാതരം അസമത്വങ്ങളോടും പലപ്പോഴും ബോധപൂര്‍വമായി കലഹിക്കേണ്ടി വരുന്നത് എഴുത്തിന്‍റെ ഒരു പ്രധാന വെല്ലുവിളിയാകാറുണ്ട്. സ്ത്രീകളേക്കാൾ ആഴത്തിൽ സ്ത്രീ ( മനുഷ്യ ) പ്രശ്നങ്ങളെ പഠിയ്ക്കുകയും മനസ്സിലാക്കുകയും സൌഹാർദ്ദപൂർണമായ പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരായ എഴുത്തുകാര്‍ സൈബര്‍ ലോകത്തിലുണ്ട്. അവരുടെ സാന്നിധ്യവും വാക്കുകളും തരുന്ന ആത്മവിശ്വാസം കുറച്ചല്ല. സ്വാതന്ത്ര്യത്തിന്റേയും ആത്മാ‍ഭിമാനത്തിന്റെയും സുവർണ്ണ സ്വപ്നങ്ങൾ കാണാനും, അതിനായി സമരം ചെയ്യാനും അവ ഫലിക്കുമെന്ന് കരുതാനും അവരുടെ വാക്കുകൾ പ്രേരിപ്പിക്കാറുണ്ട്. എഴുത്തിനെ ഗൌരവമായി കാണാനുള്ള ആത്മവിശ്വാസം മാത്രമല്ല, എച്മുക്കുട്ടിക്ക് സൈബര്‍ ലോകത്തില്‍ നിന്നുണ്ടായത്. വളരെ ആത്മാർഥതയോടെയും തികഞ്ഞ സ്നേഹത്തോടെയും ഇടപെടുന്ന കുറെ നല്ല സുഹൃത്തുക്കളെ ലഭിച്ചു. തനിക്കാരെല്ലാമോ എവിടെയെല്ലാമോ ഉണ്ടെന്ന് തന്നോടു മന്ത്രിച്ചു. അറിയാത്ത, ജീവിതത്തിൽ ഒരിക്കലും നേരിട്ട് പരിചയപ്പെടാൻ സാധ്യതയില്ലാത്ത ഒട്ടനവധി പേർ എച്മുക്കുട്ടിക്കു മെയിലുകൾ അയക്കുന്നുണ്ട്. ''എച്മൂ, നീയെഴുതിയത് എന്നെക്കുറിച്ചാണ്, ആരുമറിയാതെ ഞാൻ തിന്ന വേദന നീയെങ്ങനെ അറിഞ്ഞു? നീ എന്നോടൊപ്പം ഉണ്ടായിരുന്നുവോ'' എന്ന് ആരെല്ലാമോ ചോദിക്കുമ്പോൾ നിറഞ്ഞ കണ്ണുകളുമായി വിറക്കുന്ന വിരലുകളുമായി ഇരുന്നു പോകുന്നു…. എച്മുക്കുട്ടിയുടെ കഥ ആദ്യം അച്ചടിച്ചുവന്നത് സിറാജ് ഫ്രൈഡേയിലായിരുന്നു. ദൈവത്തിന്‍റെ വിരലുകള്‍ ഗിറ്റാര്‍ വായിക്കുമ്പോള്‍ എന്ന കഥ. അത് അധികം കൂട്ടുകാരും വീട്ടുകാരുമൊന്നും കണ്ടില്ല. അതിനു നാനൂറു രൂപ പ്രതിഫലം കിട്ടി. ബ്ലോഗര്‍മാരുടെ കഥാസമാഹാരമായ മൌനത്തിനപ്പുറത്തേക്ക് എന്ന പുസ്തകത്തിലും ആ കഥ പിന്നീട് പ്രസിദ്ധീകരിച്ചു. ഓർമ്മകൾക്ക് ബാല്യമുണ്ടെന്നു പറയാമെങ്കിൽ എച്മുക്കുട്ടിയുടെ ഓർമ്മകളുടെ ബാല്യമാണ്‌ പുസ്തകങ്ങൾ എന്നു പറയാം. പുസ്തക വായനയിളിലൂടെയാണ്‌ വളരാൻ തുടങ്ങിയത്. അക്ഷരങ്ങൾ വായിക്കാൻ തുടങ്ങിയതോടെ ചിത്രങ്ങൾ മാത്രം നോക്കിയിരുന്ന ശീലം മാറി. കിട്ടുന്നതെന്തും വായിക്കുക പതിവാക്കി. വളർന്നു തുടങ്ങുന്ന വായനാശീലത്തിന്‌ വളമേകിയത് താമസസ്ഥലത്തെ പഴയ വായശാലയാണെങ്കിലും രോഗികൾക്കെല്ലാം ദൈവമായിരുന്ന ഡോക്ടറായ അച്ഛന്റെ വിലമതിക്കാനാകാത്ത പുസ്തകശേഖരങ്ങൾ എച്ച്മുക്കുട്ടിയുടെ വായനയെ ഏറെ സഹായിച്ചു. ആദ്യം വായിച്ചത് ആരെയെന്നൊ ആദ്യം വായിച്ചത് എന്തെന്നോ പറയുക അതുകൊണ്ടുതന്നെ അസാദ്ധ്യവുമാണ്‌. പലരേയും വായിക്കുമ്പോൾ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളും ഇഷ്ടങ്ങളും ആണ്‌ സംഭവിക്കുന്നത്. ആരെയെങ്കിലും പേരെടുത്ത് പറയുക പ്രയാസമെങ്കിലും വായനയുടെ അതി പ്രാരംഭഘട്ടങ്ങളിൽ നന്നായി സ്വാധീനം ചെലുത്തിയത് മാധവിക്കുട്ടി ആയിരുന്നു. നന്നേ ചെറുപ്പം മുതലെ എഴുതുമായിരുന്നെങ്കിലും അതെല്ലാം ആരെയെങ്കിലും കാണിക്കാനൊ തിരുത്താനൊ ഉള്ള വിശ്വാസത്തെ ബലപ്പെടുത്താൻ തക്കതായ ചായ്‌വുകൾ ദുർബലമായിരുന്നു. പല കുറിപ്പുകളും അങ്ങിങ്ങായി ചിതറിത്തെറിച്ചു. നിസ്സഹായരായ ഒരു കൂട്ടം മനുഷ്യരുടെ രോദനങ്ങൾ തന്റെ അഗ്രഹാരത്തിനു ചുറ്റും ചിതറിപ്പിടയുന്നത് നേരിട്ട് കണ്ടുകൊണ്ട് ഓരോ വയസ്സിലും ഇഴഞ്ഞിഴഞ്ഞ് വളർന്നത് കൊണ്ടാവാം എച്മുക്കുട്ടിയുടെ രചനകളിൽ നിരാലംഭരായ സ്ത്രീകളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നത്. അത്തരം മനുഷ്യരുടെ കരച്ചിലുകൾ സ്വയം ഏറ്റെടുക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടാണ്‌ ഓരോ സൃഷ്ടികളും പുറത്തു വരുന്നത്. സൃഷ്ടി പൂർത്തിയായാൽ അനിർവ്വചനീയമായ ഒരാശ്വാസം ലഭിക്കുന്നു. പഠനത്തോടനുബന്ധിച്ച ചിരിത്രാന്വേഷണങ്ങളും ജോലിയുടെ ഭാഗമായ യാത്രയും ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള വിവിധ ജനങ്ങളുടെ ജീവിതശൈലിയും ഭാഷയും തരംതിരിവും ജാതിയും മതവും തൊട്ടുകൂടായ്മയും എല്ലാമെല്ലാം ഏറെക്കുറെ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ഒരു സമൂഹ ജീവി എന്ന നിലയിൽ പ്രതികരിക്കാതിരിക്കാൻ കഴിയാത്തനാൽ ആയിരിക്കാം എഴുത്ത് തെരഞ്ഞെടുത്തത്. പ്രത്യേകമായി ആരുടേയും പ്രോത്സാഹനം ഇല്ലാതെ തന്നെ എഴുതാൻ കഴിഞ്ഞത് ജീവിതാനുഭവങ്ങളുടെ വേവുകളെ അലിയിക്കാൻ കണ്ടെത്തിയ മാർഗ്ഗമായാണ്‌. സമൂഹം കൊട്ടിഘോഷിക്കുന്ന ഒരു ശീലമുണ്ട്. സംസ്ക്കാരം എന്നതിനു പകരം പറയേണ്ടത് ശീലം എന്നാണെന്നു തോന്നുന്നു. ഒരുപക്ഷെ അത്തരം ശീലങ്ങൾ കുടുംബങ്ങളുടെ കടന്നു വരവോടെ അന്നത്തെ സാഹചര്യങ്ങളിൽ ശരിയായിരുന്നുവെങ്കിലും പുരുഷനെപ്പോലെ സ്ത്രീയും ജോലി ചെയുന്ന ഇന്നത്തെ ചുറ്റുപാടിൽ കാലോചിതമായ മറ്റങ്ങൾക്കനുസരിച്ച അംഗീകാരത്തിന്‌ പുരുഷന്മാർ പോലും അറിയാതെ പുരുഷന്മാർക്ക് ലഭിച്ച അധികാരം നഷ്ടപ്പെടുന്നുവെന്ന ഒരു തരം ബോദ്ധ്യം തടസ്സമാകുന്നുണ്ട്. ഈ തടസ്സങ്ങൾ സ്ത്രീയെന്ന നിലയിൽ എഴുത്ത് നിഷിദ്ധ്യമായിടത്തു നിന്നാണ്‌ ഇത്രയെങ്കിലും എത്തിയിരിക്കുന്നത്. അങ്ങിനെ ചില ചില്ലറ എതിർപ്പുകൾ കണ്ടില്ലെന്നു നടിക്കാതെ പെണ്ണെന്ന നിലയ്ക്ക് എഴുത്ത് തുടരാൻ പ്രയാസമാണ്‌. . ബ്ളോഗുകളിലൂടെയാണ്‌ എഴുത്തിനെ കൂടുതൽ ബലപ്പെടുത്താൻ തുടങ്ങുന്നത്.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    രവി പാലൂർ "രവീന്ദ്രനാഥൻ"
    25 ഫെബ്രുവരി 2018
    കഥ മുഴുമിച്ചാൽ കഥയുടെ കഥ എന്താവും എന്നു കരുതീട്ടാണോ തോട്ടുവക്കത്തു ആളെ കൊണ്ടെത്തിച്ചു നിർത്തിയത്... വല്ലാത്ത പണിയായി കേട്ടോ
  • author
    Avinash Prasad "ചെറിയ ചിന്തകൾ"
    05 ആഗസ്റ്റ്‌ 2018
    അവസാനം വായിക്കാൻ കൊതിച്ചു അതാണ് കഥാകാരന്റെ വിജയവും
  • author
    e.j.tulik
    26 മെയ്‌ 2019
    😍😍😍 loved it. The way you write- beautiful! പേനിന്റെ ഭാഗം needs special mention. Great job done. paranju muzhumippikkaathathu kathakku bhangi koottunnu. thalakkett kurachukoode nallathenkilum aavaamiyirunnu ennum thonnunu. Enthayalum worth a five star
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    രവി പാലൂർ "രവീന്ദ്രനാഥൻ"
    25 ഫെബ്രുവരി 2018
    കഥ മുഴുമിച്ചാൽ കഥയുടെ കഥ എന്താവും എന്നു കരുതീട്ടാണോ തോട്ടുവക്കത്തു ആളെ കൊണ്ടെത്തിച്ചു നിർത്തിയത്... വല്ലാത്ത പണിയായി കേട്ടോ
  • author
    Avinash Prasad "ചെറിയ ചിന്തകൾ"
    05 ആഗസ്റ്റ്‌ 2018
    അവസാനം വായിക്കാൻ കൊതിച്ചു അതാണ് കഥാകാരന്റെ വിജയവും
  • author
    e.j.tulik
    26 മെയ്‌ 2019
    😍😍😍 loved it. The way you write- beautiful! പേനിന്റെ ഭാഗം needs special mention. Great job done. paranju muzhumippikkaathathu kathakku bhangi koottunnu. thalakkett kurachukoode nallathenkilum aavaamiyirunnu ennum thonnunu. Enthayalum worth a five star